Wrinkles Ache Hai Campaign: ഇനി തിങ്കളാഴ്ച ഡ്രസ്സ് ഇസ്തിരിയിടണ്ട; പുതിയ നിർദ്ദേശവുമായി സിഎസ്ഐആർ
കാലാവസ്ഥാ മാറ്റം നേരിടാൻ പുതിയ ക്യാംപയ്ന് തുടക്കം കുറിച്ചിരിക്കുകയാണ് കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ)
എപ്പോഴും ഓഫീസിൽ എത്തുന്നവർക്ക് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് പെർഫെക്ടായി എത്തണമെന്നാണ് ആഗ്രഹം. എന്നാൽ ഓഫീസിൽ ഇനി തിങ്കളാഴ്ചകളിൽ ആരും ഇസ്തിരിയിട്ട വസ്ത്രം ധരിക്കേണ്ടെന്ന് നിർദേശിച്ചാലോ? കാലാവസ്ഥാ മാറ്റം നേരിടാൻ പുതിയ ക്യാംപയ്ന് തുടക്കം കുറിച്ചിരിക്കുകയാണ് കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ).
‘ചുളിവുകൾ നല്ലതാണ്’ (Wrinkles Ache Hai) എന്നതാണ് ക്യാംപെയിൻറെ പേര്. ഇതിൻറെ ഭാഗമായി തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതുവഴി വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ ഉണ്ടാവുന്ന കാർബൺ പുറന്തള്ളൽ ഒഴിവാക്കാം എന്നാണ് നിർദ്ദേശം.
ഊർജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓർമിപ്പിക്കുക എന്നതാണ് ക്യാംപയ്ന്‍ ലക്ഷ്യമിടുന്നത് . ഓരോ സെറ്റ് വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിന് വൻതോതിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നു. ഒരു ദിവസം ഇത് നിർത്തിയാൽ വൻതോതിൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാൻ കഴിയും. ഇതേ തുടർന്നാണ് കമ്പനിയുടെ തീരുമാനം.
ഓരു ജോഡി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിലൂടെ 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളുന്നത്. ഇത്തരത്തിൽ ഒരു ദിവസം ഒരാൾ ഇസ്കിരി ഇടുന്നത് ഒഴിവാക്കിയാൽ വലിയ മാറ്റം ഉണ്ടാവും. ഈ സംസ്കാരം ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടർന്നാൽ വലിയ തോതിലുള്ള കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ സാധിക്കും .
നിലവിൽ 6,25,000 ആളുകൾ ക്യാംപയ്നിന്റെ ഭാഗമായിട്ടുണ്ട്. ഇതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും 1,25,000 കിലോഗ്രാം കാർബൺ പുറന്തള്ളൽ ഒഴിവാക്കാന്‍ സാധിക്കും. ഈ വർഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകൾ ക്യാംപയ്നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . . അടുത്തിടെ ഡൽഹിയിലെ റാഫി മാർഗിലെ സിഎസ്ഐആർ ആസ്ഥാന മന്ദിരത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാലാവസ്ഥാ ക്ലോക്ക് സ്ഥാപിച്ചിരുന്നു. ഭൂമിയെയും ഗ്രഹങ്ങളെയും രക്ഷിക്കാനുള്ള സിഎസ്ഐആറിന്റെ സംഭാവനയായിരുന്നു അത് .