5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf Bill 2025: എന്താണ് വഖഫ് നിയമഭേദഗതി ബിൽ?; വഖഫ് ബില്ലിനെ കേരളത്തിലെ എംപിമാർ എതിർക്കാനുള്ള കാരണമെന്ത്?

What Is Waqf Amendment Bill 2025: വഖഫ് നിയമഭേദഗതി പാസാക്കുമ്പോൾ ചോദ്യങ്ങൾ നിരവധിയാണ്. എന്താണ് ബിൽ, ഇതെങ്ങനെയാണ് വഖഫ് ബോർഡുകളെ ബാധിക്കുക, എന്തിനാണ് ഈ നിയമഭേദഗതിയെ എതിർക്കുന്നത് എന്നിങ്ങനെ പല ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്താണെന്ന് പരിശോധിക്കാം.

Waqf Bill 2025: എന്താണ് വഖഫ് നിയമഭേദഗതി ബിൽ?; വഖഫ് ബില്ലിനെ കേരളത്തിലെ എംപിമാർ എതിർക്കാനുള്ള കാരണമെന്ത്?
കേരള വഖഫ് ബോർഡ്Image Credit source: Social Media
abdul-basith
Abdul Basith | Published: 04 Apr 2025 18:48 PM

വഖഫ് ബില്ലിലെ നിയമഭേദഗതി കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ഭേദഗതി ബിൽ പാസായതോടെ ഉടൻ നിയമം പ്രാബല്യത്തിൽ വരും. സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള 18 അംഗങ്ങളും ബില്ലിനെ എതിർത്തു. ഇത്രയധികം ചർച്ചകളും രാഷ്ട്രീയ സംവാദങ്ങളും നടന്ന വഖഫ് നിയമഭേദഗതി ബിൽ എന്താണെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ടെന്നും നോക്കാം.

എന്താണ് വഖഫ്?
അല്ലാഹുവിൻ്റെ പേരിൽ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്വത്തിനെയാണ് വഖഫ് എന്ന് വിളിക്കുന്നത്. ഈ സ്വത്ത് തിരികെയെടുക്കാൻ കഴിയില്ല. വഖഫിൻ്റെ മേല്‍നോട്ടത്തിനും ക്രയവിക്രയത്തിനുമായി സർക്കാരിന് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995ലാണ് വഖഫ് ബോർഡ് നിലവിൽ വന്നത്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം വഖഫ് ബോർഡുകളുണ്ടാവും. വഖഫ് സ്വത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നുറപ്പാക്കേണ്ടത് വഖഫ് ബോർഡുകളാണ്.

എന്താണ് വഖഫ് നിയമഭേദഗതി ബിൽ?
നിലവിലെ വഖഫ് നിയമം അടിമുടി പൊളിച്ചെഴുതുന്നതാണ് പുതിയ നിയമഭേദഗതി. 1995ലെ ബില്ലിൽ നിന്ന് 44 മാറ്റങ്ങളാണ് വഖഫ് നിയമഭേദഗതി 2024ലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും ഉൾപ്പെടെ നിയന്ത്രിക്കുന്നതാണ് പുതിയ ഭേദഗതിയിൽ പ്രധാനം.

പുതിയ മാറ്റങ്ങൾ എന്തൊക്കെ?
1965ലെ വഖഫ് നിയമത്തിലുണ്ടായിരുന്ന വഖഫ് ബൈ യൂസർ എന്ന വ്യവസ്ഥ പുതിയ ഭേദഗതിയിൽ ഇല്ലാതാവുകയാണ്. അതായത്, ദീർഘകാലമായി മതകാര്യങ്ങൾക്കുപയോഗിക്കുന്ന വസ്തു വഖഫിൻ്റേതാവുമെന്നായിരുന്നു പഴയ നിയമം. പുതിയ ഭേദഗതിയിൽ ഈ നിയമം ഇല്ലാതാവുകയാണ്. ഇനി കൃത്യമായ രേഖകളുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഉപയോഗിക്കുന്ന ഭൂമി വഖഫിൻ്റേതായി പരിഗണിക്കൂ.

ആർക്കും തൻ്റെ ഭൂമി വഖഫിന് സംഭാവന ചെയ്യാമെന്നായിരുന്നു പഴയ നിയമം. എന്നാൽ, പുതിയ നിയമത്തിൽ ഈ വ്യവസ്ഥയും എടുത്തുകളയുകയാണ്. അഞ്ചു വർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായി തുടരുന്നവർക്ക് മാത്രമേ ഇനി മുതൽ വഖഫിന് ഭൂമി നൽകാനുള്ള അനുവാദമുള്ളൂ. വാക്കാൽ വഖഫ് ചെയ്യാനുള്ള നിയമവും എടുത്തുകളഞ്ഞു. പുതിയ ഭേദഗതി പ്രകാരം ഭൂമി വഖഫ് ചെയ്യാൻ കൃത്യമായ രേഖകൾ നിർബന്ധമാണ്.

പുതിയ നിയമപ്രകാരം ഒരു ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം വഖഫ് ബോർഡിന് നഷ്ടമാവും. ജില്ലാ കളക്ടർമാർക്കായിരിക്കും വസ്തുവിൻ്റെ സർവേ ഉത്തരവാദിത്തം. ഇതുവരെ വഖഫ് ട്രൈബ്യൂണലാണ് തർക്കങ്ങളിൽ വിധി പറഞ്ഞിരുന്നത്. എന്നാൽ, ഇനി മുതൽ ഹൈക്കോടതിയുടേതാവും അവസാന വിധി. വഖഫ് ട്രൈബ്യൂണലിൽ മുസ്ലിം പണ്ഡിതൻ വേണമെന്ന നിബന്ധന മാറ്റി സർക്കാർ തലത്തിൽ വിരമിച്ച ജോയിൻ്റ് സെക്രട്ടറിയെ നിയമിക്കണമെന്നും പുതിയ നിയമത്തിലുണ്ട്.

നിലവിൽ വഖഫ് ബോർഡ് അംഗങ്ങളിൽ ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. പുതിയ നിയമപ്രകാരം ബോർഡിലെ മുഴുവൻ അംഗങ്ങളെയും സർക്കാരിന് നോമിനേറ്റ് ചെയ്യാം. അതായത്, വഖഫ് ബോർഡിനെയും വഖഫ് സ്വത്തുകളെയും പൂർണമായി ഭരിക്കുന്നവർ നിയന്ത്രിക്കും. വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് നടത്താൻ ഇനിമുതൽ സർക്കാരിന് അവകാശമുണ്ടാവും.

വഖഫ് ബോർഡിൻ്റെ ഘടനയിലെ മാറ്റം എന്ത്?
പഴയ നിയമപ്രകാരം വഖഫ് കൗൺസിലിലെ അംഗങ്ങളെല്ലാം മുസ്ലിങ്ങളാവണമെന്ന നിബന്ധനയുണ്ടായിരുന്നു. അതിൽ രണ്ട് പേർ വനിതകളും. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്ലിങ്ങളും ഉണ്ടാവും. രണ്ട് അമുസ്ലിങ്ങളും രണ്ട് മുസ്ലിം വനിതകളുമാണ് വഖഫ് ബോർഡിൽ ഉണ്ടാവേണ്ടത്.

Also Read: Waqf (Amendment) Bill 2025: വഖഫ് ബില്ലിൽ നിയമപോരാട്ടം; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
വഖഫ് ബോർഡിലെ അംഗങ്ങളെ സർക്കാർ നോമിനേറ്റ് ചെയ്യുമ്പോൾ അത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് പൊതുവെയുള്ള വിമർശനം. ഒപ്പം, ബോർഡിൽ അമുസ്ലിങ്ങളായ രണ്ട് പേർ വേണമെന്നതും, അവരെ നോമിനേറ്റ് ചെയ്യുക സർക്കാർ ആണെന്നതും ഈ വിമർശനങ്ങളുടെ മൂർച്ച വർധിപ്പിക്കുന്നു.

വഖഫ് സ്വത്തുക്കളുടെ ഓഡിറ്റ് നടത്താൻ സർക്കാരിന് അവകാശം നൽകുന്നതും ട്രൈബ്യൂണലിൽ നിന്ന് മുസ്ലിം പണ്ഡിതനെ നീക്കുന്നതുമൊക്കെ ഇതേ കാരണങ്ങൾ കൊണ്ടാണ് എതിർക്കപ്പെടുന്നത്. സ്വത്ത് പരിപാലനം ചെയ്യുന്നത് വഖഫാണെങ്കിൽ പോലും അത് സർക്കാർ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നതാണ് ആശങ്ക. സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള എംപിമാരും മുസ്ലിം സംഘടനകളും ബില്ലിനെ എതിർക്കാനുള്ള കാരണവും ഇതാണ്.