Territorial Army: ഇന്ത്യയുടെ സ്വന്തം പട്ടാളം, അവരോടൊപ്പം മോഹന്‍ലാലും; എന്താണ് ടെറിട്ടോറിയല്‍ ആര്‍മി
Territorial Army History: നടന്‍ മോഹന്‍ലാലിനും ക്രിക്കറ്റ് താരം എംഎസ് ധോണിക്കും ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് ടെറിട്ടോറിയല്‍ ആര്‍മിയാണ്. അതിനാല്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍ വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചത്.
കേരളത്തെ ഒന്നടങ്കം പിടുച്ചുകുലുക്കിയ ദുരന്തമാണ് വയനാട് ഉരുള്‍പൊട്ടല്‍. ആ ഞെട്ടലില്‍ നിന്ന് ആരും ഇതുവരേക്കും കര കയറിയിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പതിനായിരത്തിന് മുകളില്‍ ആളുകള്‍ ക്യാമ്പുകളില്‍ കഴിയുകയാണ്. ഈ അപകടം നടന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ നമ്മള്‍ കേള്‍ക്കുന്ന പേരാണ് ടെറിട്ടോറിയല്‍ ആര്‍മി എന്നത്. എന്നാല്‍ ഇത് എന്താണെന്നോ ഇവയുടെ പ്രവര്‍ത്തനം എന്താണെന്നോ പലര്‍ക്കുമറിയില്ല.
ടെറിട്ടോറിയല്‍ ആര്‍മി
എപ്പോഴെങ്കിലും സൈനിക സേവനം നടത്താന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാതെ പോയ നിരവധിയാളുകളുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആളുകള്‍ക്ക് സേവനം നടത്താനുള്ള അവസരമാണ് ഇന്ത്യന്‍ സേനയിലെ ടെറിട്ടോറിയല്‍ ആര്‍മി സംവിധാനം. കരസേനയുടെ ഭാഗമാണെങ്കിലും ഇത് സ്ഥിരമായ സൈനികസേവനത്തിനുള്ള ഒരു സംവിധാനമല്ല.
യുദ്ധം, ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള അടിയന്തിര ഘട്ടങ്ങളിലും കൂടാതെ സേനയ്ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളിലും മാത്രമാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവര്‍ക്ക് സ്വന്തം ജോലിക്കൊപ്പം പാര്‍ട്ട് ടൈം സൈനിക സേവനത്തിനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ഫോഴ്‌സ്
ആര്‍മിയുടെ സഹായത്തിനുള്ള രണ്ടാംനിര സംവിധാനം എന്ന നിലയില്‍ 1920ലാണ് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ഫോഴ്‌സിന് തുടക്കമിട്ടത്. അന്നത്തെ സൈനിക മേധാവിയായിരുന്ന സര്‍ ചാള്‍സ് മണ്‍റോ ആയിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍സും ആംഗ്ലോ ഇന്ത്യക്കാരും ഉള്‍പ്പെടുന്ന ഓക്‌സിലറി ഫോഴ്‌സും ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടെറിട്ടോറിയല്‍ ഫോഴ്‌സും ചേര്‍ന്നതായിരുന്നു ആ സേന. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടടുത്ത വര്‍ഷം ടെറിട്ടോറിയല്‍ ആര്‍മി സ്ഥാപിതമായി. എന്നാല്‍ 1949ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
അംഗബലം
50000ത്തിന് അടുത്ത് ആളുകളാണ് ഇന്ന് ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളത്. ഡിപ്പാര്‍ട്‌മെന്റല്‍, നോണ്‍ ഡിപ്പാര്‍ട്‌മെന്റല്‍ വിഭാഗങ്ങളിലായി 65 യൂണിറ്റുകളായാണ് ഇവരുടെ പ്രവര്‍ത്തനം. ആര്‍മിയില്‍ നിന്ന് നിയോഗിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഡയറക്ടര്‍ ജനറലാണ് സേനയുടെ മേധാവി. ആര്‍മിയുടേതിന് തുല്യമായി റാങ്ക് സംവിധാനം തന്നെയാണ് ഇവിടെയും ഉള്ളത്. സേനയില്‍ അംഗമാകുന്നവര്‍ ഒരുവര്‍ഷത്തില്‍ രണ്ടുമാസം സേവനം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 18 മുതല്‍ 42 വയസ് വരെയുള്ള ആര്‍ക്കും ഓഫീസറാകാനും ജവാന്‍ ആകാനുമെല്ലാം അപേക്ഷിക്കാവുന്നതാണ്.
അവര്‍ എന്തിനും റെഡിയാണ്
രാജ്യത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ സേവനം ഉണ്ടായിട്ടുണ്ട്. കൂടാതെ 1987ല്‍ ശ്രീലങ്കയില്‍ നടന്ന ഓപ്പറേഷന്‍ പവനിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പഞ്ചാബിലും വിവിധ സമയങ്ങളിലായി നടന്നിട്ടുള്ള ഓപ്പറേഷനുകളില്‍ സൈന്യത്തിന്റെ ഭാഗമായി സേനയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കേരളത്തെ കൂടാതെ ലാത്തൂര്‍ ഭൂകമ്പവും ഒഡീഷയിലെ സൂപ്പര്‍ സൈക്ലോണും ഉള്‍പ്പെടെ ഒട്ടേറെ പ്രകൃതിദുരന്തങ്ങളില്‍ ഇവരുടെ രക്ഷാപ്രവര്‍ത്തനം നടന്നിട്ടുണ്ട്.
മോഹന്‍ലാലും ധോണിയും
നടന്‍ മോഹന്‍ലാലിനും ക്രിക്കറ്റ് താരം എംഎസ് ധോണിക്കും ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് ടെറിട്ടോറിയല്‍ ആര്‍മിയാണ്. അതിനാല്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍ വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചത്.