5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Nation One Election: ‘ചെലവ് കുറയ്ക്കാം, വോട്ടിങ് ശതമാനം കൂട്ടാം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നത് എന്തൊക്കെ? അറിയാം വിശദമായി

What is One Nation One Election Bill: രാജ്യത്ത് ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആദ്യ ബിൽ. ജമ്മു കാശ്മീർ ഉൾപ്പടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്താനാണ് രണ്ടാമത്തെ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

One Nation One Election: ‘ചെലവ് കുറയ്ക്കാം, വോട്ടിങ് ശതമാനം കൂട്ടാം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നത് എന്തൊക്കെ? അറിയാം വിശദമായി
nandha-das
Nandha Das | Published: 18 Dec 2024 13:27 PM

നരേന്ദ്ര മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് ലോകസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. ടിഡിപി ബില്ലിനെ പിന്തുണച്ചപ്പോൾ, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവർ ബില്ലിനെ ശക്തമായി എതിർത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അനുബന്ധിച്ച് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. 129-ാം ഭേദഗതിയെന്ന നിലയിലാണ് ബിൽ കൊണ്ടുവരുന്നത്. രാജ്യത്ത് ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആദ്യ ബിൽ. ജമ്മു കാശ്മീർ ഉൾപ്പടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്താനാണ് രണ്ടാമത്തെ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടന ഭേദഗതിക്ക് അനുസൃതമായി ഉത്തരവിറക്കാനുള്ള അധികാരം ലഭിക്കുക രാഷ്ട്രപതിക്കായിരിക്കും.

എന്താണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’?

രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുക എന്ന ആശയമാണ് അടിസ്ഥാനപരമായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മുന്നോട്ട് വെക്കുന്നത്. അതായത്, ലോക്സഭാ, നിയമസഭാ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾ എന്നിവ ഒരുമിച്ച് നടത്തുകയും, അതിലൂടെ ചെലവുകൾ ചുരുക്കാനും ഉദ്ദേശിക്കുന്നു എന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. 2014-ൽ ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ഈ പദ്ധതി നടപ്പാക്കാനുള്ള ചർച്ചകൾ സജീവമായി നടന്നിരുന്നെങ്കിലും, വാദപ്രതിവാദങ്ങൾ മൂലം ഇതുവരെ നടപ്പാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന്, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഇതേക്കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിക്കുകയും, ഇത് നടപ്പാക്കാൻ എന്തൊക്കെ നിയമഭേദഗതികൾ വേണ്ടിവരുമെന്ന് നിർദ്ദേശിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ഇക്കഴിഞ്ഞ മാർച്ചിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭാ ഇപ്പോൾ അംഗീകാരം നൽകിയത്. രാംനാഥ് കോവിന്ദ് സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടപ്പാക്കാൻ ആണ് നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ലോകസഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താം. തുടർന്ന് രണ്ടാം ഘട്ടത്തിൽ, അതായത് നൂറ് ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ കൂടി ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം.

1951 മുതൽ 1967 വരെയുള്ള കാലയളവിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഏകദേശം ഒരേ സമയത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ, പിന്നീട് ആ രീതി നടക്കാതെ വരികയും, പകരം തെരഞ്ഞെടുപ്പുകൾ ഏതാണ്ട് എല്ലാ വർഷവും നടത്തേണ്ടി വരികയോ, അല്ലെങ്കിൽ ഒരേ വർഷത്തിൽ തന്നെ വ്യത്യസ്ത സമയങ്ങളിലായി നടത്തേണ്ടതായോ വന്നു. ഇതോടെ സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായി. കൂടാതെ, സുരക്ഷാ സൈന്യങ്ങളെയും, മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ പ്രാഥമിക ചുമതലകളിൽ നിന്നും മാറ്റി തെരഞ്ഞെടുപ്പ് അനുബന്ധ ജോലികളിൽ ദീർഘ കാലത്തേക്ക് നിയോഗിക്കേണ്ടതായി വരികയും ചെയ്തു.

അങ്ങനെ 1999-ൽ തെരഞ്ഞെടുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിയമകമ്മീഷൻ സമർപ്പിച്ച 170-ാം റിപ്പോർട്ടിൽ ഒരേ സമയത്ത് തെരഞ്ഞെടുപ്പുകൾ നടന്നിരുന്ന കാലത്തേക്ക് മടങ്ങണം എന്ന ആശയം മുന്നോട്ട് വെച്ചു. പിന്നീട്, 2015-ന് ശേഷം ഈ വിഷയത്തിൽ മൂന്ന് സമിതികൾ റിപ്പോർട്ട് സമർപ്പിച്ചു. 2015-ൽ നിയമനീതിന്യായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി, 2017-ൽ നീതി ആയോഗ്, 2018-ൽ നിയകമ്മീഷൻ എന്നിങ്ങനെ റിപ്പോർട്ടുകൾ സമർപ്പിച്ചു. ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം അനുകൂലിക്കുന്നതായിരുന്നു.

നിലവിൽ അതാത് സർക്കാരുകളുടെ കാലാവധി പൂർത്തിയാകുന്നതിന് അനുസരിച്ചാണ് കേന്ദ്രത്തിലും ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്രകാരം ആണെങ്കിൽ ഒരു വർഷം ശരാശരി അഞ്ച് സംസ്ഥാനങ്ങളിൽ എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കണം. ഇതിനുപുറമെ, അഞ്ച് വർഷത്തിൽ ഒരിക്കൽ ഓരോ സംസ്ഥാനങ്ങളിലെയും തദ്ദേശതെരഞ്ഞെടുപ്പുകളും നടത്തണം. അതിനാൽ, ഓരോ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ്, പാർട്ടികളുടെ പ്രചാരണ ചെലവ് എന്നിവയെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള സർക്കാരിന്റെ ആലോചന.

ഒറ്റ തെരഞ്ഞെടുപ്പിന്റെ നേട്ടങ്ങൾ

ഒറ്റ തെരഞ്ഞെടുപ്പിന്റെ പ്രധാന നേട്ടം ചെലവ് ചുരുക്കൽ തന്നെയാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വഴി പൊതു പണം ലാഭിക്കാൻ സാധിക്കുന്നു. കൂടാതെ, ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കും. പലപ്പോഴായി തെരഞ്ഞെടുപ്പുകൾ നടത്തി അതിനായി കൂടുതൽ സമയം ചെലവഴിക്കുന്നതിന് പകരം വികസനോന്മുഖ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കാൻ സാധിക്കും. അതുപോലെ, തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് അനുബന്ധ കാര്യങ്ങൾക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വരുന്നു. അവർ തെരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമ്പോൾ ഭരണപരമായ ചുമതലകളെ അത് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഭരണപരമായ സജ്ജീകരണങ്ങൾ, സുരക്ഷാ സേനകളുടെ ജോലി തുടങ്ങിയവ ലഘൂകരിക്കാനും ലക്ഷ്യമിടുന്നു. മറ്റൊരു പ്രധാന നേട്ടങ്ങളിൽ ഒന്നായി കണക്കാക്കുന്നത് വോട്ടിങ് ശതമാനം കൂട്ടാം എന്നതാണ്. ഒറ്റത്തവണ വോട്ട് ചെയ്താൽ മതിയെന്ന സാഹചര്യം വരുമ്പോൾ വോട്ട് രേഖപ്പെടുത്താൻ വരുന്നവരുടെ എണ്ണവും വർധിക്കാം.

ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ

ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക തലത്തിൽ പല ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ഭരണഘടനയിലെ നിയമത്തിലും നിരവധി ഭേദഗതികൾ വരുത്തേണ്ടതുണ്ട്. ഇത് നടപ്പാക്കാൻ ഭരണഘടനയിലെ അഞ്ച് അനുച്ഛേദങ്ങളും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യേണ്ടി വരും. കൂടാതെ, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഭരണ മാറ്റം വേണ്ടി വന്നാൽ, അല്ലെങ്കിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വന്നാൽ എന്ത് ചെയ്യണമെന്ന് തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. അതുപോലെ, നിലവിൽ അഞ്ച് വർഷം പൂർത്തിയാക്കാത്ത സർക്കാരുകളുടെ ഭാവി എന്താകും എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

2022 ഡിസംബറിൽ 22-ാം നിയമ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോടും, വിദഗ്ദ്ധരോടും, അക്കാദമീഷ്യന്മാരോടും, ഉദ്യോഗസ്ഥന്മാരോടുമായി ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ് സെറ്റ് ചോദ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷൻ റിപ്പോർട്ട് ഇനി വരേണ്ടതുണ്ട്. കൂടാതെ, ഇത് നടപ്പാക്കുന്നതിന് മുൻപ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.

പ്രതിപക്ഷത്തിന്റെ വാദം

32 പാർട്ടികൾ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുമ്പോൾ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് ഉൾപ്പടെ 15 പാർട്ടികൾ ഈ പദ്ധതിയെ എതിർക്കുന്നു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നയം പ്രായോഗികമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം മാത്രമാണ് ഇതെന്നുമാണ് കോൺഗ്രസിന്റെ വാദം. ബില്ല് ഭരണഘടന വിരുദ്ധമാണെന്നും, ഇത് അം​ഗീകരിക്കാനാകില്ലെന്നും, ജനങ്ങൾ ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും കോൺഗ്രസ് പറയുന്നു. അതേസമയം, ഇന്ത്യയുടെ നാനാത്വം തകരുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണിതെന്നും സമാജ് വാദി പാർട്ടി അഭിപ്രായപ്പെട്ടു. എന്നാൽ ഈ ബില്ലിനെ അനുകൂലിച്ച ടിഡിപി, വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്നതാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ, 269 പേർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയും 196 പേർ ബില്ലിനെ എതിർക്കുകയും ചെയ്തു.