5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rat Hole Mining: എലിയെ പോലെ തുരക്കും; എടുക്കുന്നത് ജീവൻ; എന്താണ്’ റാറ്റ് ഹോള്‍ മൈനിംഗ്’ എന്ന നിരോധിത ഖനനരീതി?

What is Rat Hole Mining: 2019ല്‍ അനധികൃത ഖനനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് ഹരിത ട്രിബ്യൂണല്‍ മേഘാലയക്ക് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. ട്രിബ്യൂണല്‍ പറയുന്നത് അനുസരിച്ച് മേഘാലയയില്‍ 24,000-ഓളം അനധികൃത ഖനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

Rat Hole Mining: എലിയെ പോലെ തുരക്കും; എടുക്കുന്നത് ജീവൻ; എന്താണ്’ റാറ്റ് ഹോള്‍ മൈനിംഗ്’ എന്ന നിരോധിത ഖനനരീതി?
nandha-das
Nandha Das | Updated On: 08 Jan 2025 15:56 PM

അസമിൽ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാങ്‌സോയിലെ കല്‍ക്കരി ഖനിയില്‍ വെള്ളം കയറിയതിനെ തുര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായ വിവരം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ദംരഗിലെ ദല്‍ഗാവില്‍ നിന്നും ഹുസൈന്‍ അലി, മുസ്തഫം അലി, സക്കീര്‍ ഹുസൈന്‍ എന്നിവരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. പതിനെട്ടോളം ആളുകളാണ് ഖനിയിൽ അകപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ ഇപ്പോഴും രക്ഷപ്രവർത്തനം തുടർന്ന് വരികയാണ്.

ഏകദേശം മുന്നൂറടിയോളം ആഴം വരുന്ന ഖനിയിലാണ് തൊഴിലാളികൾ അകപ്പെട്ടത്. ഇതിൽ ഏകദേശം നൂറടി താഴ്ച വരെ വെള്ളം കയറിയതായാണ് അധികൃതർ അറിയിച്ചത്. യന്ത്രങ്ങളുടെ സഹായമില്ലാതെ മൺവെട്ടികൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ട് ചെറിയ ദ്വാരം ഉണ്ടാക്കി അകത്ത് കടന്ന്, കൽക്കരി ശേഖരിച്ചു വരുന്നതാണ് ഇവർ ഉപയോച്ചിരുന്ന രീതി. ഇത് റാറ്റ് ഹോള്‍ മൈനിങ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു നിരോധിത ഖനന രീതി ആണെങ്കിൽ പോലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഈ രീതി അനധികൃതമായി നടത്തി വരികയാണ്. 2018-ൽ ഇതിന് സമാനായ ഒരു അപകടം ഉണ്ടായതിനെ തുടർന്ന് 2019ല്‍ അനധികൃത ഖനനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് ഹരിത ട്രിബ്യൂണല്‍ മേഘാലയക്ക് 100 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ട്രിബ്യൂണല്‍ പറയുന്നത് അനുസരിച്ച് മേഘാലയയില്‍ 24,000-ഓളം അനധികൃത ഖനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

എന്താണ് റാറ്റ് ഹോൾ മൈനിങ്?

അനധികൃത കൽക്കരി ഖനനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് റാറ്റ് ഹോൾ മൈനിങ്. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ആണ് ഈ രീതി കൂടുതലായും പിന്തുടർന്ന് വന്നിരുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അതായത് ഖനിത്തൊഴിലാളികൾ ചെറുസംഘങ്ങളായി ഏകദേശം 400 അടി വരെ താഴ്ചയുള്ള ഖനികളിൽ ഇറങ്ങി, അവിടെ നിന്നും കൽക്കരി ശേഖരിച്ചു കൊണ്ടുവരുന്ന വളരെ അപകടമേറിയ ഒരു ഖനന പ്രക്രിയയാണിത്.

ഒരാൾക്ക് മാത്രം നിരങ്ങിക്കയറാൻ പാകത്തിനും വലുപ്പത്തിലും തുരക്കുന്ന കുഴികളാണ് റാറ്റ് ഹോൾ. എലികൾ തുരക്കുന്നത് പോലെ ദുർഘടം പിടിച്ച മേഖലകളിലൂടെ ഇവർ തുരന്നിറങ്ങുന്നത് കൊണ്ട് തന്നെയാണ് ഇവരെ റാറ്റ് ഹോൾ മൈനേഴ്സ് എന്ന് വിളിക്കുന്നത്. സാധാരണയായി ഒരാൾക്ക് ഇറങ്ങാനും കൽക്കരി ശേഖരിച്ച് മടങ്ങിയെത്താനും കഴിയും വിധമുള്ള ചെറിയ കുഴികളാണ് കുഴിക്കുന്നത്. മുളകൾ കൊണ്ട് നിർമിച്ച ഏണികളോ കയറുകളോ ഉപയോഗിച്ചാണ് ഈ ആഴമേറിയ കുഴികളിലേക്ക് തൊഴിലാളികൾ ഇറങ്ങുന്നത്. ഇടുങ്ങിയ എലിമാളങ്ങൾ പോലെ തിരശ്ചീനമായ മാളങ്ങളിലൂടെ പതിയെ പതിയെ നീങ്ങിയാണ് കൽക്കരി ശേഖരിക്കുന്നത്. പിക്കാക്സ്, ഷവ്ൽ, കൊട്ടകകൾ എന്നിവയുടെ സഹായത്തോടെ കൈകൊണ്ട് തന്നെയാണ് ഇവർ കൽക്കരി വേർതിരിച്ചെടുക്കുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തി വന്നിരുന്ന ഈ ഖനനരീതിയിൽ ചെറിയ കുട്ടികൾ വരെ ഭാഗമാകാറുണ്ട്.

എത്രയോ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട് വെള്ളം നിറഞ്ഞ് കിടക്കുന്ന ഖനികളിലേക്കായിരിക്കും ചിലപ്പോൾ തൊഴിലാളികൾ കുഴിച്ചു ചെല്ലുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കരണമാകാറുമുണ്ട്. ഇത്തരത്തിൽ 2018 ഡിസംബറിൽ മേഘാലയയിലെ കിഴക്കൻ ജൈന്തിയ കുന്നുകളിൽ ഉണ്ടായ അപകടത്തിൽ 15 പേരെ കാണാതായിരുന്നു. ഖനനം പുരോഗമിക്കുന്നതിനിടെ ലിട്ടേൺ നദിയിൽ നിന്നുള്ള വെള്ളം ഖനിയിലേക്ക് കയറുകയും, അവിടെ ഉണ്ടായിരുന്ന ആളുകൾ ഉള്ളിൽ കുടുങ്ങി പോവുകയുമായിരുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെയെങ്കിലും 370 അടി താഴ്ചയുള്ള ഖനിയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ സാധിച്ചത്. അതും, വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടത്തിയ 33 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ആയിരുന്നു.

റാറ്റ് ഹോൾ മൈനിങ്ങിന്റെ ദൂഷ്യവശങ്ങൾ

റാറ്റ് ഹോൾ ഖനനം ഗുരുതരമായ സുരക്ഷാ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നു എന്നാണ് വിദഗ്ദർ പറയുന്നത്. സാധാരണഗതിയിൽ ഖനികൾ കൃത്യമായ മേൽനോട്ടം അല്ലെങ്കിൽ നിയന്ത്രണത്തോടെ ഉള്ളവയായിരിക്കില്ല. ശരിയായ വായു സഞ്ചാരമോ, ഘടനാപരമായ പിന്തുണയോ, അല്ലെങ്കിൽ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ സുരക്ഷാ നടപടികളോ ഒന്നും തന്നെയില്ല. ഇത് ഖനി തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്നു.

അതുപോലെ തന്നെ പ്രകൃതിക്കും ഇവ വളരെ ദോഷം ചെയ്യും. ഇത് ഭൂമിയുടെ നശീകരണത്തിനും വനനശീകരണത്തിനും ജലമലിനീകരണത്തിനും വരെ കരണാമാകുന്നു. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ദോഷം, അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ മൂലം ഈ ഖനന രീതി ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കാനും നിരോധിക്കാനും അധികാരികൾ ശ്രമിച്ചിട്ടും പലയിടങ്ങങ്ങളിലും ഇത് ഇപ്പോഴും നിലനിൽക്കുന്നത് സാമ്പത്തിക ഘടകങ്ങൾ കാരണവും പ്രാദേശിക ജനങ്ങൾക്ക് ബദൽ ഉപജീവനമാർഗങ്ങളുടെ അഭാവവുമാണ് എന്നാണ് പറയുന്നത്.

എപ്പോഴാണ് റാറ്റ് ഹോൾ മൈനിങ് നിരോധിച്ചത്?

വളരെയേറെ അപകടം നിറഞ്ഞ ഈ ഖനന രീതി 2014-ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നിരോധിക്കുന്നത്. എങ്കിലും പലപ്പോഴും രക്ഷാമാർഗം തുറക്കാൻ ഉത്തരേന്ത്യയിൽ ഇവരുടെ പങ്ക് വളരെ നിർണായകമാണ്. കൂടാതെ, കൽക്കരി ഖനനത്തിനും മറ്റ് വ്യാവസായിക പ്രവർത്തനങ്ങൾക്കും റാറ്റ് ഹോൾ മൈനേഴ്‌സിനെ ഉപയോഗിക്കാറുണ്ട്. 2014 മുതൽ നിയമപരമായി ഇത് നിരോധിച്ചെങ്കിലും ഇപ്പോഴും അനധികൃതമായി കൽക്കരി ഖനികളിൽ ഇവരെ നിയോഗിക്കുന്നുണ്ട് എന്നാണ് വിവരം.