5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

President’s Rule : ‘ഭരണഘടനാ പ്രതിസന്ധി’യില്‍ ഉടലെടുക്കുന്ന രാഷ്ട്രപതി ഭരണം; സാഹചര്യങ്ങള്‍ ഏതെല്ലാം? സര്‍ക്കാരുകളെ എങ്ങനെ ബാധിക്കും?

President's Rule and Article 356 : ഗവര്‍ണര്‍മാര്‍ പ്രസിഡന്റിന് ഒരു റിപ്പോര്‍ട്ട് കൊടുക്കുന്നതാണ് രാഷ്ട്രപതി ഭരണത്തിന്റെ നടപടികളുടെ ആദ്യ ഘട്ടം. സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും, ഭരണഘടന പ്രതിസന്ധി നേരിടുന്നുവെന്നും വ്യക്തമാക്കിയാകും ഗവര്‍ണര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് വായിക്കുന്ന പ്രസിഡന്റിന് സാഹചര്യം ബോധ്യമായാല്‍ അതത് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാം

President’s Rule : ‘ഭരണഘടനാ പ്രതിസന്ധി’യില്‍ ഉടലെടുക്കുന്ന രാഷ്ട്രപതി ഭരണം; സാഹചര്യങ്ങള്‍ ഏതെല്ലാം? സര്‍ക്കാരുകളെ എങ്ങനെ ബാധിക്കും?
രാഷ്ട്രപതി ഭരണം Image Credit source: PTI
jayadevan-am
Jayadevan AM | Published: 11 Feb 2025 16:59 PM

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബീരേന്‍ സിങ് രാജിവച്ചതിന് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറുന്നുവെന്നാണ് വിലയിരുത്തല്‍. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ സമവായത്തിലെത്തിയില്ലെങ്കില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കാം. മണിപ്പൂരില്‍ സംഭവിക്കാന്‍ സാധ്യതയുള്ള, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അനുഭവിച്ചിട്ടുള്ള രാഷ്ട്രപതി ഭരണം എന്താണ്? ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാം? സംസ്ഥാന സര്‍ക്കാരുകളെ ഇത് എങ്ങനെ ബാധിക്കും? പരിശോധിക്കാം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356ലാണ് രാഷ്ട്രപതി ഭരണത്തെക്കുറിച്ച് പറയുന്നത്. ഭരണഘടനാനുസൃതമായാണ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആര്‍ട്ടിക്കിള്‍ 355ലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഒരു സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായി മുന്നോട്ട് പോകാന്‍ സാധിക്കാത്തപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ രൂപീകരണത്തില്‍ തടസം നേരിടുമ്പോള്‍ തുടങ്ങിയ ഭരണഘടനാ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിഷിപ്തമാകും.

ആര്‍ട്ടിക്കിള്‍ 356 ആണ് അതിനുള്ള ഉപാധി. ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഈ സംസ്ഥാനങ്ങളുടെയെല്ലാം അധികാരം രാഷ്ട്രപതിക്ക് കീഴില്‍ വരും. സംസ്ഥാനങ്ങളിലെ അടിയന്തരസാഹചര്യങ്ങളിലാണ് ഇത് സംജാതമാകുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന അടിയന്തരാവസ്ഥ എന്നും ഇതിനെ വിളിക്കുന്നു.

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം നടപ്പാകുന്നില്ലെന്ന് ബോധ്യമാകുമ്പോള്‍, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍, മുഖ്യമന്ത്രിക്ക് നിയമസഭയില്‍ പിന്തുണ നഷ്ടപ്പെടുമ്പോള്‍, അവിശ്വാസ വോട്ടെടുപ്പ് മൂലം ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍, പ്രകൃതിദുരന്തങ്ങളോ യുദ്ധമോ പകര്‍ച്ചവ്യാധിയോ മൂലം തിരഞ്ഞെടുപ്പുകള്‍ വൈകുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം.

ഗവര്‍ണര്‍മാരുടെ റിപ്പോര്‍ട്ട്‌

അതത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പ്രസിഡന്റിന് ഒരു റിപ്പോര്‍ട്ട് കൊടുക്കുന്നതാണ് രാഷ്ട്രപതി ഭരണത്തിന്റെ നടപടികളുടെ ആദ്യ ഘട്ടം. സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും, ഭരണഘടന പ്രതിസന്ധി നേരിടുന്നുവെന്നും വ്യക്തമാക്കിയാകും ഗവര്‍ണര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് വായിക്കുന്ന പ്രസിഡന്റിന് സാഹചര്യം ബോധ്യമായാല്‍ അതത് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാം. ഗവര്‍ണറുടെ റിപ്പോര്‍ട്ടില്ലെങ്കിലും സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിച്ച് പ്രസിഡന്റിന് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയാല്‍ ആ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുള്ളതായി കണക്കാക്കാം. പല സാഹചര്യങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ താഴെ പോവുകയോ, പുതിയ ഗവണ്‍മെന്റ് രൂപീകരണത്തിന് തടസം നേരിടുകയോ ചെയ്താല്‍ അതും ഭരണഘടന പ്രതിസന്ധിയാണ്. ആര്‍ട്ടിക്കിള്‍ 365 പ്രകാരമുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് പാലിക്കുന്നില്ലെങ്കില്‍ അതും രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കാം.

Read Also : സർക്കാർ രൂപീകരണം അത്ര എളുപ്പമല്ല… കടമ്പകൾ ഏറെയാണ്; നടപടിക്രമങ്ങൾ എന്തെല്ലാം?

സര്‍ക്കാരിന് അധികാരം നഷ്ടപ്പെടും

രാഷ്ട്രപതി ഭരണം വന്ന് കഴിഞ്ഞാല്‍ ആ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സര്‍ക്കാരിന് അധികാരം നഷ്ടപ്പെടും. രാഷ്ട്രപതിക്കാകും പൂര്‍ണ അധികാരം. അതായത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാകും അതത് സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നതെന്ന് ചുരുക്കം. രാഷ്ട്രപതിക്ക് വേണ്ടി പ്രസ്തുത സംസ്ഥാനങ്ങളിലെ ഗവര്‍ണമാരാകും ഭരണ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ചീഫ് സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയവരുമായി സഹകരിച്ചാകും ഗവര്‍ണര്‍ ഭരണനിര്‍വഹണം നടത്തുന്നത്.

ആ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാം. നിയമസഭകള്‍ സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ രാഷ്ട്രപതി ഭരണത്തിന് ശേഷം ആ സഭകള്‍ വീണ്ടും പ്രാബല്യത്തിലാകും. പിരിച്ചുവിട്ടാല്‍ ആ സഭയ്ക്ക് പിന്നീട് സാധുതയില്ല. ഇത്തരം സാഹചര്യങ്ങളില്‍ രാഷ്ട്രപതി ഭരണം അവസാനിച്ചാലും പുതിയതായി നിയമസഭ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. രാഷ്ട്രപതി ഭരണത്തിന്റെ കാലയളവില്‍ നിയമസഭകളുടെ അഭാവത്തില്‍ പാര്‍ലമെന്റ് ആ സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണം കൈകാര്യം ചെയ്യും.

പാര്‍ലമെന്റിന്റെ അംഗീകാരം

രാഷ്ട്രപതി ഭരണം പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ട് മാസത്തിനുള്ളില്‍ അംഗീകരിക്കണം. അംഗീകാരം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് സാധുതയുണ്ടായിരിക്കില്ല. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ അത് മൂന്ന് വര്‍ഷത്തേക്ക് നീട്ടുകയും ചെയ്യാം. പ്രസിഡന്റിന് ഏത് സാഹചര്യത്തിലും സ്വന്തം ഉത്തരവിലൂടെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാവുന്നതാണ്.

ഇതുവരെ 134 തവണയാണ് രാജ്യത്ത് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. ഏറ്റവും കൂടുതല്‍ രാഷ്ട്രപതി ഭരണം സംസ്ഥാനങ്ങളില്‍ വന്നത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 50 തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം വന്നത്.

കേരളത്തില്‍ ഏഴു തവണ

കേരളത്തില്‍ ഏഴു തവണയാണ് രാഷ്ട്രപതി ഭരണം നിലവില്‍ വന്നിട്ടുള്ളത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഇവിടെ രാഷ്ട്രപതി ഭരണമായിരുന്നു. 1956 മാര്‍ച്ച് 23 മുതല്‍ 1957 ഏപ്രില്‍ അഞ്ച് വരെയായിരുന്നു കേരളത്തില്‍ ആദ്യമായി രാഷ്ട്രപതി ഭരണമുണ്ടായിരുന്നത്. 1959 ജൂലൈ 31ന് അന്നത്തെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. വിമോചന സമരവുമായി ബന്ധപ്പെട്ടാണ് അന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. 1982 മാര്‍ച്ച് 17നാണ് കേരളത്തില്‍ അവസാനമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.