Cabinet Committee on Security: നിര്‍ണായക തീരുമാനങ്ങളെത്തുന്നത് മന്ത്രിസഭാ സുരക്ഷാ സമിതിയിലോ? എന്താണ് സിസിഎസ്?
All You Need To Know About Cabinet Committee On Security: പ്രത്യേക നയ മേഖലകളിൽ തീരുമാനമെടുക്കാൻ ഏതാനും മന്ത്രിമാരുടെ സമിതി രൂപീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാബിനറ്റ് കമ്മിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്

പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) യോഗം ഇന്ന് വൈകിട്ട് ആറിന് ചേരുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി മോദി യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ വിമാനത്താവളത്തില്‍ വച്ചാണ് അടിയന്തിര യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ സുരക്ഷാ സമിതി യോഗം ചേരുന്നത്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ പ്രതീക്ഷിക്കാം.
പ്രതിരോധ നയം, ചെലവ്, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾക്കും തീരുമാനങ്ങളും സിസിഎസ് യോഗത്തില്‍ നടക്കും. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർ സമിതിയില്‍ അംഗങ്ങളാണ്.
പ്രത്യേക നയ മേഖലകളിൽ തീരുമാനമെടുക്കാൻ ഏതാനും മന്ത്രിമാരുടെ സമിതി രൂപീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാബിനറ്റ് കമ്മിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുക്കുമ്പോഴോ മന്ത്രിസഭ പുനഃസംഘടനയ്ക്ക് വിധേയമാകുമ്പോഴോ ഇത്തരം സമിതികള്‍ പുനഃസംഘടിപ്പിക്കും.




കാബിനറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയും അവർക്ക് പ്രത്യേക ചുമതലകൾ നൽകുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. മൂന്ന് മുതല്‍ എട്ട് വരെ അംഗങ്ങള്‍ സമിതിയിലുണ്ടാകാം. സാധാരണയായി കാബിനറ്റ് മന്ത്രിമാരാണ് സമിതിയില്‍ അംഗങ്ങളാകുന്നതെങ്കിലും, ചില സാഹചര്യങ്ങളില്‍ സഹമന്ത്രിമാരും അംഗങ്ങളാകാറുണ്ട്.
ദേശീയ സുരക്ഷയും പ്രതിരോധവും സംബന്ധിച്ച നയങ്ങൾ രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാ സുരക്ഷാ സമിതിയുടെ ഒരു ഉത്തരവാദിത്തം. പ്രതിരോധ നയം, തന്ത്രപരമായ ആസൂത്രണം, തീവ്രവാദ വിരുദ്ധ നയങ്ങൾ തുടങ്ങി രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരവും തന്ത്രപരവുമായ കാര്യങ്ങളിൽ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും മന്ത്രിസഭാ സുരക്ഷാ സമിതി ആവശ്യാനുസരണം യോഗം ചേരുന്നതാണ് പതിവ്. ഈ സാഹചര്യത്തിലാണ് സിസിഎസ് യോഗത്തില്‍ പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നതും.