Agniveer : ഡ്യൂട്ടിക്കിടെ അഗ്നിവീർ മരണപ്പെട്ടാൽ കുടുംബത്തിന് എന്ത് ലഭിക്കും?; വിശദാംശങ്ങളറിയാം
What Does The Family Get If An Agniveer Soldier Dies On Duty : അഗ്നിവീർ സൈനികൻ ജോലിക്കിടെ മരണപ്പെട്ടാൽ കുടുംബത്തിന് എന്ത് ലഭിക്കും? നാസിക്കിലെ സേനാ താവളത്തിൽ നടന്ന പരിശീലനത്തിനിടെ രണ്ട് അഗ്നിവീറുകൾ മരണപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു ചോദ്യമുയർന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സേനാ താവളത്തിൽ നടന്ന പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ മരണപ്പെട്ടിരുന്നു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വീരമൃത്യുവരിച്ചത്. സംഭവത്തിൽ എൻസിപി നേതാവ് സുപ്രിയ സുലെ മരണപ്പെട്ട രണ്ട് സൈനികർക്കും രക്തസാക്ഷി പദവി നൽകണമെന്നും കുടുംബങ്ങൾക്ക് ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടിക്കിടെ അഗ്നിവീർ സൈനികർ മരണപ്പെട്ടാൽ കുടുംബത്തിന് എന്ത് ലഭിക്കും എന്ന് നോക്കാം.
അഗ്നീപഥ് പദ്ധതി
2022ലാണ് കേന്ദ്രസർക്കാർ അഗ്നീപഥ് പദ്ധതി ആരംഭിച്ചത്. അഗ്നീപഥ് യോജന എന്നായിരുന്നു ഇതിൻ്റെ പേര്. പതിനേഴര വയസ് പ്രായമുള്ള കുട്ടികളെ നാല് വർഷക്കാലത്തേക്ക് സൈന്യത്തിൻ്റെ ഭാഗമാക്കുന്നതാണ് അഗ്നീപഥ് പദ്ധതി. ഇവരാണ് അഗ്നിവീറുകൾ. അഗ്നീപഥ് പദ്ധതിയിലൂടെ നിരവധി സൈനികരെ കര, നാവിക, വ്യോമസേനകളിൽ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
ശമ്പളം
അഗ്നിവീറുകൾക്ക് മാസം 30,000 രൂപയാണ് ശമ്പളം. ഇതിൽ 21,000 രൂപ കയ്യിൽ ലഭിക്കും. ശമ്പളത്തിൻ്റെ 30 ശതമാനം, അതായത് 9,000 രൂപ സേവന ഫണ്ടാണ്. ഇത് മാസാമാസം പിടിക്കും. ശമ്പളം എല്ലാ വർഷവും 10 ശതമാനം വർധിപ്പിക്കും. ഇങ്ങനെ വർധിപ്പിക്കുന്ന ശമ്പളത്തിൻ്റെ 30 ശതമാനമാണ് സേവന ഫണ്ടായി എടുക്കുക. നാല് വർഷം പൂർത്തിയാവുമ്പോൾ ഇങ്ങനെ സേവന ഫണ്ടായി പിടിച്ച പണത്തിൻ്റെ ഇരട്ടി പണം സർക്കാർ ഇവർക്ക് ഒരുമിച്ച് തിരികെനൽകുന്നു. അതായത്, ഏകദേശം 11,000ലധികം രൂപ നാല് വർഷത്തെ സേവനത്തിന് ശേഷം ഒറ്റത്തവണയായി അഗ്നിവീറുകൾക്ക് ലഭിക്കും. അഗ്നിവീറുകളായി നിയമനം ലഭിച്ചവരിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൻ്റെ ഭാഗമായി തുടരാം.
Also Read : Indian Army: ജമ്മുവിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടരുന്നു
ഡ്യൂട്ടിക്കിടെ അഗ്നിവീർ മരിച്ചാൽ
ഡ്യൂട്ടിക്കിടെ അഗ്നിവീർ സൈനികൻ മരിച്ചാൽ കേന്ദ്രസർക്കാർ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. ഔദ്യോഗിക വെബ്സൈറ്റിലെ വിവരമനുസരിച്ച് ഡ്യൂട്ടിക്കിടെ അഗ്നിവീർ സൈനികൻ മരിച്ചാൽ കുടുംബത്തിന് 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും എക്സ് ഗ്രേഷ്യ തുകയായ 44 ലക്ഷം രൂപയും 4 വർഷത്തിൽ ബാക്കിയുള്ള മുഴുവൻ ശമ്പളവും കുടുംബത്തിന് നൽകും. ഇക്കൊല്ലം ജനുവരിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് ആകെ 1.6 കോടി രൂപ ലഭിക്കുമെന്ന് സൈന്യം അറിയിച്ചിരുന്നു. ജൂലായിൽ 98 ലക്ഷം രൂപയിലധികം കുടുംബത്തിന് നൽകുകയും ചെയ്തു.
ഡ്യൂട്ടിക്കിടെ അഗ്നിവീറിന് അംഗവൈകല്യമുണ്ടായാൽ
ഡ്യൂട്ടിക്കിടെ അഗ്നിവീർ സൈനികന് അംഗവൈകല്യം സംഭവിച്ചാൽ, വൈകല്യത്തിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും. 100 ശതമാനം അംഗവൈകല്യമുണ്ടായാൽ 44 ലക്ഷം രൂപയാണ് ലഭിക്കുക. 75 ശതമാനം അംഗവൈകല്യമുണ്ടായാൽ 25 ലക്ഷം രൂപയും 50 ശതമാനം അംഗവൈകല്യം സംഭവിച്ചാൽ 15 ലക്ഷം രൂപയും സഹായധനം ലഭിക്കും. ഇതിനുപുറമെ, 4 വർഷത്തെ മുഴുവൻ ശമ്പളവും സേവാനിധി ഫണ്ടിൽ നിക്ഷേപിച്ച തുകയും സർക്കാരിൽ നിന്നുള്ള വിഹിതവും ലഭിക്കും.