Train Collision : പശ്ചിമ ബംഗാൾ ട്രെയിനപകടം: കവച് ഇല്ലാത്തത് അപകടത്തിനു കാരണമായി; റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

West Bengal Train Collission : പശ്ചിമബംഗാളിലുണ്ടായ ട്രെയിനപകടത്തിൽ മരണസംഖ്യ 15 ആയി. 60ലധികം പേർക്ക് പരുക്കേറ്റെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Train Collision : പശ്ചിമ ബംഗാൾ ട്രെയിനപകടം: കവച് ഇല്ലാത്തത് അപകടത്തിനു കാരണമായി; റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

West Bengal Train Collission (Image Courtesy - PTI)

Published: 

17 Jun 2024 17:59 PM

പശ്ചിമബംഗാളിലെ സിലിഗുഡിയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 15 ആയി. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ട്രെയിനുകളിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ സ്ഥാപിക്കുന്ന കവച് ഇല്ലാത്തതാണ് അപകടത്തിനു കാരണമായത് എന്ന് സൂചനയുണ്ട്. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സ്ഥലത്തെത്തിയിട്ടുണ്ട്. അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

ത്രിപുരയിലെ അഗർത്തലയിൽ നിന്നും പശ്ചിമബംഗാളിലെ സിയാൽദയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിനു പിന്നിൽ ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ 8.55ഓടെ ഡാർജിലിംഗിലെ രംഗാപാനിക്ക് സമീപമുണ്ടായ അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിൻ്റെ നാല് ബോഗികളും ഗുഡ്സ് ട്രെയിൻ്റെ അഞ്ച് ബോഗികളും പാളം തെറ്റി. ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റും അസിസ്റ്റൻ്റ് ലോക്കോ പൈലറ്റും കാഞ്ചൻ ജംഗ എക്സ്പ്രസിൻ്റെ ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു.

Read Also : Train Accident: കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ചരക്കുവണ്ടി ഇടിച്ച് അപകടം; 15 മരിച്ചു

ഗുഡ്സ് ട്രെയിൻ്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചത് അപകടത്തിനു കാരണമായെന്നാണ് സൂചന. അതേസമയം, പുലർച്ചെ 5.50 മുതൽ റാണിപത്ര റെയിൽവേ സ്റ്റേഷനും ഛത്താർ ഹാട്ട് ജംഗ്ഷനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായിരുന്നു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ ബംഗാൾ സർക്കാർ രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു.

ഇതിനിടെ ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി വികസിപ്പിച്ചെടുത്ത കവച് അപകടം നടന്ന റെയിൽവേ ട്രാക്കുകളിൽ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല എന്ന പുതിയ വിവരം റെയിൽവേയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത സംവിധാനമാണ് കവച്. രാജ്യത്തെ എല്ലാ റെയിൽ പാതകളിലും കവച് ഇൻസ്റ്റാൾ ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, ഈ ട്രാക്കിൽ കവച് ഇല്ലാത്തത് അപകടത്തിലേക്ക് വഴിതെളിച്ചു എന്നാണ് വിലയിരുത്തൽ.

ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുക, അമിത വേഗത ഒഴിവാക്കുക, പ്രതികൂല കാലാവസ്ഥകളിൽ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് സഹായിക്കുക, നിശ്ചിത ദൂരത്തിനുള്ളിൽ അതേ ട്രാക്കിൽ മറ്റൊരു ട്രെയിൻ ഉണ്ടെങ്കിൽ ട്രെയിൻ യാന്ത്രികമായി നിർത്തുക തുടങ്ങിയവയാണ് കവച് കൊണ്ടുള്ള ഉപയോഗങ്ങൾ. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ കവച് ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് കവച് ട്രെയിൻ്റെ വേഗത നിയന്ത്രിക്കും. ഈ സംവിധാനം താൻ നേരിട്ട് പരീക്ഷിച്ചതായി 2022ൽ തന്നെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ