Mamata Banerjee: ‘പാവപ്പെട്ടവര്‍ക്കായി യാതൊന്നും ഒരുക്കിയിട്ടില്ല’; ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്ന് മമത; പ്രതിഷേധവുമായി ബിജെപി
West Bengal CM Mamata Banerjee: 'മഹാ കുംഭ്' 'മൃത്യു കുംഭ്' ആയി മാറിയെന്നും മമത ആരോപിച്ചു. ബംഗാള്‍ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് മമത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചത്.

കൊൽക്കത്ത: ഉത്തർപ്രേദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെയാണ് കുംഭമേള നടത്തുന്നതെന്നും മുന്നോരുക്കങ്ങൾ നടത്തുന്നതിൽ യോഗി സർക്കാർ പൂർണ പരാജയമാണെന്നും മമത പറഞ്ഞു. ഇത്തരത്തിൽ നടത്തിയ ‘മഹാ കുംഭ്’ ‘മൃത്യു കുംഭ്’ ആയി മാറിയെന്നും മമത ആരോപിച്ചു. ബംഗാള്‍ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് മമത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചത്.
താൻ മഹാകുംഭമേളയേയും പരിശുദ്ധ ഗംഗാനദിയേയും ബഹുമാനിക്കുന്നുവെന്നും എന്നാൽ യാതൊരു ആസൂത്രണവുമില്ലാതെയാണ് കുംഭമേള നടത്തപ്പെടുന്നതെന്ന് മമത പറഞ്ഞു. കുംബമേളയിൽ സമ്പന്നർക്കും വിഐപികൾക്കും ഒരു ലക്ഷം രൂപ നൽകിയാൽ ക്യാമ്പുകൾ ലഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പാവപ്പെട്ടവർക്കായി കുംഭമേളയിൽ ഒരു ക്രമീകരണവുമില്ലെന്നും മമത പറഞ്ഞു. ഇത്തരം മേളകളിൽ തിക്കും തിരക്കും സർവ്വ സാധാരണയാണ്. എന്നാൽ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സുപ്രധാനമാണെന്നും മമത പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ലെന്നും മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെന്നും മമത ആരോപിക്കുന്നു. മരണസംഖ്യ കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി. ഇങ്ങനെ ചെയ്തത്. ബി.ജെ.പിയുടെ ഭരണത്തില്‍ മഹാ കുംഭ് മൃത്യുകുംഭായി മാറിയെന്നും മമത ബാനര്‍ജി പറഞ്ഞു. പോസ്റ്റ്മോർട്ടം പോലും നടത്താതെയാണ് മൃതദേഹം ബംഗാളിലേക്ക് എത്തിച്ചത്. ഹൃദയാഘാതം മൂലമാണ് ആളുകൾ മരിച്ചതെന്നാണ് യുപി സർക്കാർ അവകാശപ്പെടുന്നതെന്നും മമത പറഞ്ഞു.
Kolkata: On #MahaKumbh2025, West Bengal CM Mamata Banerjee says, “This is ‘Mrityu Kumbh’…I respect Maha Kumbh, I respect the holy Ganga Maa. But there is no planning…How many people have been recovered?…For the rich, the VIP, there are systems available to get camps (tents)… pic.twitter.com/6T0SyHAh0e
— ANI (@ANI) February 18, 2025
അതേസമയം മമതയുടെ ആരോപണത്തിനെതിരെ ബംഗാളിലെ ബി.ജെ.പി. എം.എല്‍.എമാര്‍ പ്രതിഷേധിച്ചു. മമത ഹിന്ദുവിരുദ്ധയായ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞാണ് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്. മഹാകുംഭമേളയെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.