AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: ‘നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ’; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരർ

Pahalgam Terror Attack: മൂന്ന് ദിവസം മുമ്പ് ഭാര്യ പല്ലവിക്കും കുട്ടികൾക്കുമൊപ്പം ജമ്മു കശ്മീരിലെത്തിയ മഞ്ജുനാഥ് റാവു കശ്മീർ വളരെ മനോഹരമായിരുന്നുവെന്ന് പറയുന്നതും ബോട്ട്മാൻ മുഹമ്മദ് റഫീഖിനൊപ്പമുള്ള ശിക്കാര സവാരിയെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

Pahalgam Terror Attack: ‘നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ’; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരർ
പഹൽഗാമിൽ സുരക്ഷ ശക്തമാക്കി Image Credit source: PTI
nandha-das
Nandha Das | Published: 23 Apr 2025 09:19 AM

ഡൽഹി: പഹൽ​ഗാമിൽ തന്റെ കണ്മുന്നിൽ വെച്ച് ഭീകരവാദിയുടെ വെടിയേറ്റ് ഭർത്താവ് കൊല്ലപ്പെടുന്നത് കണ്ട പല്ലവി റാവു അവരോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. തന്നെയും മകനെയും കൂടി കൊല്ലൂവെന്ന്. എന്നാൽ അതിലും ഞെട്ടിക്കുന്നതായിരുന്നു ഭീകരവാദിയുടെ മറുപടി. ”നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ” എന്നായിരുന്നു പറഞ്ഞത്. കർണാടകയിലെ ശിവമോഗ സ്വദേശിയും റിയൽ എസ്റ്റേറ്റുകാരനുമായ മഞ്ജുനാഥ റാവുവാണ് ഭാര്യക്ക് മുന്നിൽ വെടിയേറ്റ് മരിച്ചത്.

46 വയസ്സിനിടയിൽ സ്വന്തം നാടായ കർണാടകയ്ക്ക് പുറത്ത് കുടുംബസമേതമായി യാത്ര പോയിട്ടില്ലാത്ത മഞ്ജുനാഥയുടേതും പല്ലവിയുടേതും ആദ്യത്തെ അവധിക്കാലം ആഘോഷമായിരുന്നു കശ്മീരിലേത്. മകന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് ഇവർ യാത്ര ബുക്ക് ചെയ്തത്. ഏപ്രിൽ 19ന് ശിവമോഗയിൽ നിന്ന് പുറപ്പെട്ട ഒരു സംഘത്തിനൊപ്പമായിരുന്നു മഞ്ജുനാഥയും കുടുംബവുമുണ്ടായിരുന്നത്. മകന് ഭക്ഷണം വാങ്ങാൻ പോയ സമയത്ത് മഞ്ജുനാഥക്ക് വെടിയേൽക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മഞ്ജുനാഥക്കൊപ്പം ഭരത് ഭൂഷൺ എന്നയാളും കൊല്ലപ്പെട്ടു.

ALSO READ: വിദേശ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇന്ത്യയിലെത്തി; പെഹൽ​ഗാം ഭീകരാക്രമണത്തിൽ നടപടി

ആക്രമണത്തിന് തൊട്ടുമുമ്പ് മഞ്ജുനാഥയും പല്ലവിയും വിനോദയാത്രയെക്കുറിച്ച് പകർത്തിയ വീഡിയോയും പുറത്തുവന്നു. മൂന്ന് ദിവസം മുമ്പ് ഭാര്യ പല്ലവിക്കും കുട്ടികൾക്കുമൊപ്പം ജമ്മു കശ്മീരിലെത്തിയ മഞ്ജുനാഥ് റാവു കശ്മീർ വളരെ മനോഹരമായിരുന്നുവെന്ന് പറയുന്നതും ബോട്ട്മാൻ മുഹമ്മദ് റഫീഖിനൊപ്പമുള്ള ശിക്കാര സവാരിയെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികളുടെ ആക്രമണമെന്നും പല്ലവി വ്യക്തമാക്കി.

അതേസമയം, പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ നിലവിൽ ചികിത്സയിലാണ്.