Baramulla Encounter : ബാരാമുള്ള ഏറ്റുമുട്ടലിൻ്റെ ഞെട്ടിക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പ്രചരിക്കുന്നു; സൈന്യം വധിച്ചത് മൂന്ന് ഭീകരരെ
Drone Visuals Of Encounter : ശനിയാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൻ്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് ഭീകരർ വധിക്കപ്പെട്ട ഈ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൻ്റെ ഡ്രോൺ ദൃശ്യങ്ങൾ വൈറൽ. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു കെട്ടിടത്തിൽ നിന്ന് പുറത്തുവരുന്ന ഭീകരൻ വെടിയുതിർത്തതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സൈന്യം തിരികെ വെടിയുതിർക്കുന്നതും ഇയാളെ കീഴടക്കുന്നതും വിഡിയോയിലുണ്ട്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്.
Drone footage of Baramulla encounter.3 terrorists killed by indian army. pic.twitter.com/6NWQSeMW4h
— PANKAJ SHARMA@news24tvchannel (@PANKAJNEWS241) September 15, 2024
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡ്രോണിലാണ് ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കെട്ടിടത്തിൻ്റെ മതിലിനോട് ചേർന്ന മരക്കൂട്ടത്തിനിടയിലേക്ക് ഒരു ഭീകരൻ രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ തുടരെ വെടിയുതിർത്ത് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
കശ്മീരിലെ ബാരാമുള്ളയിലെ ചക് ധാപ്പർ ക്രീരി പഠാൻ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സെെന്യത്തിന്റെ ചിനാർ കോർപ്സ് അറിയിച്ചു. ഛക് ധാപ്പർ ക്രീരി പഠാൻ മേഖലയിൽ പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്തുനിന്ന് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു.
Also Read : Jammu Kashmir: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സെെന്യം
ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലെ ദോഡയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് സംഭവമുണ്ടായത്. 13ന് കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
#Baramulla encounter
Drone footage from encounter site
03 unidentified militants killed in ongoing Encounter in Chak Tapper Kreeri.
More details awaited pic.twitter.com/NewkKRdSUF— OSINT J&K (@OSINTJK) September 14, 2024
കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിച്ചത്. 1982-ലാണ് ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിച്ചത്. ദോഡ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുക. ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയാണിത്. സെപ്തംബർ 19 ന് പ്രധാനമന്ത്രി ശ്രീനഗറും സന്ദർശിക്കും.
മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലായാണ് ജമ്മുവിലെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ മൂന്ന് ജില്ലകളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് സെപ്തംബർ 18 ന് നടക്കും.
ഒരിടവേളയ്ക്ക് ശേഷം, 2021 മുതൽ കശ്മീരിൽ ഭീകരാക്രമണം തുടർക്കഥയാകുകയാണ്. 50-ലധികം സെെനികരാണ് ഇതുവരെയുള്ള ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ചത്. ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നത് കേന്ദ്രസർക്കാരിനും തലവേദയാകുന്നുണ്ട്.