Waqf Board : ഗ്രാമത്തില്‍ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ്, എതിര്‍ത്ത് കര്‍ഷകര്‍; സംഭവം മഹാരാഷ്ട്രയില്‍
Maharashtra Waqf controversy : അഹമ്മദ്പുര്‍ താലൂക്കിലെ തലേഗാവിലെ കര്‍ഷകര്‍ ആശങ്കയിലാണ്. വഖഫ് ബോര്‍ഡ് തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം
മുനമ്പത്തെ വഖഫ് വിവാദം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ്. നിരവധി പേരാണ് മുനമ്പം വിഷയത്തില്‍ പ്രതിഷേധിക്കുന്നത്. തിരഞ്ഞെടുപ്പിലടക്കം മുനമ്പം ചര്‍ച്ചയായി. എന്നാല്‍ മഹാരാഷ്ട്രയിലും ഇപ്പോള്‍ സമാനമായ ഒരു വിവാദം ഉടലെടുത്തിരിക്കുകയാണ്. മറത്ത്വാഡ പ്രദേശത്താണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത്.
മറത്ത്വാഡ പ്രദേശത്തെ ലാത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമപ്രദേശത്താണ് വഖഫ് ബോര്‍ഡിന്റെ അവകാശവാദം. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. 103 കര്‍ഷകരുടെ 300 ഏക്കര്‍ ഭൂമിയിലാണ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസികള്‍ ഇതിനെതിരെ രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
അഹമ്മദ്പുര്‍ താലൂക്കിലെ തലേഗാവിലെ കര്‍ഷകര്‍ ആശങ്കയിലാണ്. വഖഫ് ബോര്‍ഡ് തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
ഛത്രപതി സംഭാജിനഗറിലെ മഹാരാഷ്ട്ര സ്റ്റേറ്റ് വഖഫ് ട്രിബ്യൂണലിൽ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. 103 കര്‍ഷകര്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഈ ഭൂമി വഖഫ് ബോര്‍ഡിന്റേതല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിച്ചാണ് ട്രിബ്യൂണല്‍ തലേഗാവിലെ 103 കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചത്. 75 ശതമാനം ഭൂമിയും വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. എല്ലാവരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന പ്രദേശമാണിത്. നിരവധി ചെറുകിട കര്‍ഷകരാണ് ഇവിടെയുള്ളത്. രണ്ട് ഹിയറിംഗുകൾ കോടതിയിൽ നടന്നു. കേസിന്റെ അടുത്ത വാദം ഡിസംബര്‍ 20ന് കേള്‍ക്കും.
നാല് തലമുറകളായി തങ്ങള്‍ ഇവിടെയാണ് ജീവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പൊടുന്നനെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും ഇവര്‍ പ്രതികരിച്ചു. ഈ ഭൂമി അവരുടേതായിരുന്നെങ്കില്‍, ഇത്രയും കാലം വഖഫ് ബോര്‍ഡ് ഉറങ്ങുകയായിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. ഇത്തരം അവകാശവാദങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിയമപരമായി തടയണമെന്ന് കര്‍ഷകര്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടു.
ALSO READ: പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റെ കഥ; മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം
മുനമ്പത്ത്
അതേസമയം, ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ഇന്ന് മുനമ്പത്തെത്തി. റിലേ നിരാഹാരം അനുഷ്ഠിക്കുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ജാവദേക്കര്‍ എത്തിയത്.
കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.