Waqf Amendment Bill: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം; പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളി
Waqf Amendment Bill Approved: ബില്ലിന് അംഗീകാരം നല്‍കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികള്‍ക്ക് പിന്തുണ ലഭിച്ചില്ല. ഇതേതുടര്‍ന്ന് നിര്‍ദേശങ്ങളെല്ലാം തള്ളിയതായി സമിതിക്ക് നേതൃത്വം നല്‍കിയ ബിജെപി അംഗം ജഗദാംബിക പാല്‍ പറഞ്ഞു. എന്നാല്‍ സമിതി ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് തയാറാകാതെയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം. 14 ഭേദഗതികളോടെയുള്ള വഖഫ് ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അംഗീകാരം നല്‍കി. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളും തള്ളി. ഇതിനെ പത്ത് എംപിമാര്‍ പിന്തുണച്ചപ്പോള്‍ പതിനാറ് പേര്‍ എതിര്‍ത്തു.
ബില്ലിന് അംഗീകാരം നല്‍കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികള്‍ക്ക് പിന്തുണ ലഭിച്ചില്ല. ഇതേതുടര്‍ന്ന് നിര്‍ദേശങ്ങളെല്ലാം തള്ളിയതായി സമിതിക്ക് നേതൃത്വം നല്‍കിയ ബിജെപി അംഗം ജഗദാംബിക പാല്‍ പറഞ്ഞു. എന്നാല്‍ സമിതി ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് തയാറാകാതെയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പുതുതായി വന്ന 14 മാറ്റങ്ങളുടെ സ്വീകാര്യത പരിശോധിക്കുന്നതിനായി വോട്ടെടുപ്പ് ജനുവരി 29ന് നടക്കും. അന്തിമ റിപ്പോര്‍ട്ട് ജനുവരി 31നകം സമര്‍പ്പിക്കാനാണ് നീക്കം. നവംബര്‍ 29നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സമിതിക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 13 വരെ സമയം അനുവദിക്കുകയായിരുന്നു.
അതേസമയം, വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ ഒട്ടനവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബില്‍ പ്രകാരം ബോര്‍ഡില്‍ അമുസ്ലീമായ രണ്ടുപേരും വനിതാ അംഗങ്ങളും ഇടംനേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഭേദഗതി ബില്ലിലുള്ളത്.
അതേസമയം, ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് വഖഫ് വിഷയം ഇല്ലാതാക്കാനാണ് ജഗദംബിക പാല്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ എമപിമാര്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു.
പത്ത് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു ഈ നീക്കം. സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്നായിരുന്നു എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലീമിന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബില്ലിനെ കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് എംപിമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.