Waqf Amendment Act: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; സുപ്രീം കോടതി തീരുമാനം നിർണായകം
Waqf Amendment Act: ഏപ്രിൽ 4 നാണ് രാജ്യസഭ വഖഫ് ഭേദഗതി നിയമം പാസാക്കിയത്. 128 പേർ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. ലോക്സഭയിൽ 288 അംഗങ്ങൾ നിയമനിർമ്മാണത്തെ പിന്തുണയ്ക്കുകയും 232 പേർ എതിർക്കുകയും ചെയ്തു.

രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും കാരണമായ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് ഹർജികളിലെ പ്രധാന ആവശ്യം.
കോടതി മുമ്പാകെയുള്ള 73 ഹർജികൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും പരിഗണിക്കുക. നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, സമാജ്‌വാദി പാർട്ടി, നടൻ വിജയ്‌യുടെ ടിവികെ, ആർജെഡി, ജെഡിയു, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, എഎപി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തുടങ്ങിയ വിവിധ കക്ഷികൾ ഹർജി നൽകിയിട്ടുണ്ട്. അതേസമയം, ബിജെപി ഭരിക്കുന്ന 6 സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.
1995-ലെ വഖഫ് നിയമത്തിനെതിരെ ഹിന്ദു കക്ഷികൾ സമർപ്പിച്ച രണ്ട് ഹർജികളും സമീപകാല ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജികളുമാണ് ഇന്ന് പരിഗണിക്കുന്നത്. കോടതി കേസ് തീരുമാനിക്കുന്നതുവരെ നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്നും ചില ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങളോട് വിവേചനം കാണിക്കുകയും മതവിശ്വാസത്തിനുള്ള അവരുടെ മൗലികാവകാശത്തെ ലംഘിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സമർപ്പിച്ചിരിക്കുന്നത്
ഏറെ ചർച്ചകൾക്കും പ്രതിഷേധത്തിനും ഒടുവിൽ ഏപ്രിൽ 4 നാണ് രാജ്യസഭ വഖഫ് ഭേദഗതി നിയമം പാസാക്കിയത്. 128 പേർ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. ലോക്സഭയിൽ 288 അംഗങ്ങൾ നിയമനിർമ്മാണത്തെ പിന്തുണയ്ക്കുകയും
232 പേർ എതിർക്കുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 5ന് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകി നിയമമാക്കി.