5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ആകെ ഒഴിവ് 10, എത്തിയതോ 1800 പേർ; ഗുജറാത്തിൽ തിക്കിലും തിരക്കിലും ഹോട്ടലിൻ്റെ കൈവരി തകർന്നു

Gujarat Viral Video: ഝഗാഡിയ ജിഐഡിസി വ്യവസായപാർക്കിൽ ഒരു സ്വകാര്യ കമ്പനി നടത്തിയ ഇൻ്റർവ്യൂവിന് എത്തിയതാണ് ഇവർ. എല്ലാവരും ഇടിച്ചുകയറിയതോടെ മുകളിലേക്കുള്ള പടികളുടെ കൈവരി തകരുകയായിരുന്നു.

Viral Video: ആകെ ഒഴിവ് 10, എത്തിയതോ 1800 പേർ; ഗുജറാത്തിൽ തിക്കിലും തിരക്കിലും ഹോട്ടലിൻ്റെ കൈവരി തകർന്നു
ജോലിക്കെത്തിയവരുടെ തിക്കിലും തിരക്കിലും കൈവരി തകർന്നപ്പോൾ. (Image Credits: X)
neethu-vijayan
Neethu Vijayan | Published: 12 Jul 2024 16:03 PM

രാജ്യത്തെ യുവാക്കൾ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് തൊഴിലില്ലായ്മ. ഇതോടുകൂടിയാണ് അന്യരാജ്യത്തേക്കുള്ള കുടിയേറ്റവും വർദ്ധിച്ചത്. ഇപ്പോഴിതാ തൊഴിലില്ലായ്മ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ (Gujarat) അങ്കലേശ്വറിൽ പരിമിതമായ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂവിന് എത്തിയവരുടെ തിക്കിലും തിരക്കുമാണ് വീഡിയോയിൽ കാണുന്നത്. ഈ തിരക്കിൽ ഹോട്ടലിന്റെ കൈവരിയും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഭറൂച്ച് ജില്ലയിലെ വ്യവസായനഗരമായ അങ്കലേശ്വറിൽ ലോർഡ്സ് പ്ലാസ ഹോട്ടലിലാണ് സംഭവം.

ഝഗാഡിയ ജിഐഡിസി വ്യവസായപാർക്കിൽ ഒരു സ്വകാര്യ കമ്പനി നടത്തിയ ഇൻ്റർവ്യൂവിന് എത്തിയതാണ് ഇവർ. എന്നാൽ ആകെ പത്ത് ഒഴിവുകളിലേക്കാണ് കമ്പനി ഇൻ്റർവ്യൂ നടത്തിയത്. എത്തിയതാകട്ടെ 1800-ലേറെ യുവാക്കളും. എല്ലാവരും ഇടിച്ചുകയറിയതോടെ മുകളിലേക്കുള്ള പടികളുടെ കൈവരി തകരുകയായിരുന്നു. കൈവരി തകർന്നതോടെ കുറെപ്പേർ നിലത്തുവീണു. ഉയരം കുറവായതിനാൽ ആർക്കും കാര്യമായ പരിക്കുകളില്ല. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ALSO READ: അടിയോട്… അടി..!; നമ്മ മെട്രോയിലെ യാത്രക്കാരുടെ തമ്മിൽ തല്ല്, വീഡിയോ വൈറൽ

അതേസമയം, വീഡിയോ പുറത്തുവന്നതോടെ ഗുജറാത്ത് മാതൃകയിൽ തൊഴിലില്ലായ്മയുടെ നേർദൃശ്യങ്ങളാണ് കണ്ടതെന്ന് കോൺഗ്രസ് നേതൃത്വം സർക്കാരിനെ വിമർശിച്ചു. “നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ. നരേന്ദ്രമോദി ഈ തൊഴിലില്ലായ്മയുടെ മാതൃക രാജ്യത്തുടനീളം അടിച്ചേൽപ്പിക്കുകയാണ്“ കോൺഗ്രസ് പറഞ്ഞു. ഇതിന് മറുപടിയുമായി ഭറൂച്ചിലെ ബിജെപി എംപി മൻസുഖ് വസാവ രംഗത്തുവന്നു. ‘‘ഭറൂച്ച് ജില്ല ഒരു മിനി ഇന്ത്യയാണ്. ധാരാളം വ്യവസായസ്ഥാപനങ്ങൾ ഉണ്ട്. അതിനാൽ പലയിടത്തു നിന്നും ആളുകൾ വരും. അത് വികസനസൂചകമാണ്’’ -മൻസുഖ് വാദിച്ചു.

“പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമാണെന്ന് വാക്ക്-ഇൻ ഇൻ്റർവ്യൂവിൻ്റെ പരസ്യത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഇതിനകം മറ്റെവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, ഈ വ്യക്തികൾ തൊഴിൽരഹിതരാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. ഗുജറാത്തിനെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിക്കുന്നത് കോൺഗ്രസിൻ്റെ തന്ത്രമാണ്“ ബിജെപി കൂട്ടിച്ചേർത്തു.