Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു
Varanasi Lok Sabha Election Result 2024 Today: ദേശീയ രാഷ്ട്രീയം ഏറ്റവും ആകാംക്ഷയോടെ നോക്കികാണുന്ന ഒരു മണ്ഡലമാണ് വരാണസി. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം പിന്നീട് ബിജെപിയുടെ കൈകളിലേക്ക് എത്തിപ്പെടുകയായിരുന്നു.
വരാണസി: വരാണസി ലോക്‌സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചു. 1,52,513 വോട്ടിനാണ് മോദി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് മോദി പിന്നിലായെങ്കിലും പിന്നീട് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വലിയ ഭൂരിപക്ഷം നേടാന്‍ മോദിക്ക് സാധിച്ചിട്ടില്ല. 6,09735 വോട്ടുകള്‍ മോദി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അജയ് റായിക്ക് ലഭിച്ചത് 4,58,681 വോട്ടുകളാണ്.
ദേശീയ രാഷ്ട്രീയം ഏറ്റവും ആകാംക്ഷയോടെ നോക്കികാണുന്ന ഒരു മണ്ഡലമാണ് വരാണസി. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം പിന്നീട് ബിജെപിയുടെ കൈകളിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇപ്പോഴത് നരേന്ദ്രമോദിയുടെ തട്ടകമാണ്. 2014ലും 2019ലും മോദിക്ക് വമ്പിച്ച വിജയമാണ് വരാണസി സമ്മാനിച്ചത്. അതുകൊണ്ട് തന്നെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദി വരാണസി എന്ന അങ്കത്തട്ടില്‍ ഇറങ്ങിയത് മികച്ച ഭൂരിപക്ഷം നേടുമെന്ന ശുഭപ്രതീക്ഷയോടെ തന്നെയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മോദിക്ക് അടിയറവ് പറഞ്ഞ അജയ് റായ് തന്നെയായിരുന്നു ഇത്തവണയും മോദിയുടെ എതിരാളി. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് അജയ് റായിയെ മത്സരത്തിന് ഇറക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. തുടക്കത്തില്‍ മോദിക്കെതിരെ നിര്‍ത്തേണ്ടത് ശക്തനായ സ്ഥാനാര്‍ഥിയെയാണെന്നായിരുന്നു പാര്‍ട്ടി നിലപാട് എന്നാല്‍ പിന്നീട് അജയ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 581,022 വോട്ടുകള്‍ നേടിയാണ് മോദി അധികാരമുറപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു അന്ന് മോദിയുടെ എതിരാളിയായത്. 209,238 വോട്ടുകളാണ് കെജ്രിവാളിന് നേടാനായത്. എന്നാല്‍ അജയ് റായിക്ക് ലഭിച്ചത് വെറും 75,614 വോട്ടുകള്‍ മാത്രമാണ്.
2014 ലെ വിജയത്തോടെ മോദി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്നുകയറി. എതിരാളികളെ വോട്ടുകൊണ്ട് നേരിട്ട് 2019ലും വിജയമുറപ്പിച്ചു. 674,664 വോട്ടുകളാണ് അന്ന് മോദി നേടിയത്. സമാജ് വാദിയുടെ സ്ഥാനാര്‍ഥി ശാലിനി യാദവ് ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. അവര്‍ക്ക് 195,159 വോട്ടുകളും ലഭിച്ചു. ആ തവണയും അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 152,548 വോട്ടുകളാണ് അന്ന് അദ്ദേഹം നേടിയത്.