Namo Bharat Rapid Rail: വന്ദേ മെട്രോയല്ല, ഇത് നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റം
Vande Metro Renamed as Namo Bharat Rapid Rail: ഭുജ് മുതല്‍ അഹമ്മദാബാദ് വരെയാണ് റെയില്‍ സര്‍വീസ് നടത്തുക. 359 കിലോമീറ്റര്‍ 5.45 മണിക്കൂറുകള്‍ കൊണ്ടാണ് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടുന്നത്. ആകെ ഒന്‍പത് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ആറ് വന്ദേഭാരത് സര്‍വീസുകള്‍ കൂടി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അഹമ്മദാബാദില്‍ നിന്ന് വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മെട്രോയുടെ പേര് മാറ്റിയിരുന്നു. വന്ദേ മെട്രോ ട്രെയിന്‍ എന്ന പേര് നമോ ഭാരത് റാപിഡ് റെയില്‍ (Namo Bharat Rapid Rail) എന്നാണ് മാറ്റിയിരിക്കുന്നത്.
ഭുജ് മുതല്‍ അഹമ്മദാബാദ് വരെയാണ് റെയില്‍ സര്‍വീസ് നടത്തുക. 359 കിലോമീറ്റര്‍ 5.45 മണിക്കൂറുകള്‍ കൊണ്ടാണ് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടുന്നത്. ആകെ ഒന്‍പത് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയായിരിക്കും ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
Also Read: Viral video: നടുറോഡിൽ ബൈക്കിലെ പ്രണയരംഗങ്ങൾ; സോഷ്യൽമീഡിയയിൽ തരംഗമായ വീഡിയോ കാണാം
30 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക് 455 രൂപയാണ്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുക. ഭുജില്‍ നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെട്ട് രാവിലെ 10.50ന് അഹ്‌മദാബാദിലെത്തിച്ചേരും. തിരിച്ച് വൈകിട്ട് 5.30ന് അഹ്‌മദാബാദില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും. പൂര്‍ണമായും ശീതീകരിച്ച അത്യാധുനിക സുരക്ഷാ സൗകര്യങ്ങളുമുള്ള ട്രെയിനാണ് ഇത്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. 12 കോച്ചുകളില്‍ 1150 യാത്രക്കാര്‍ക്ക് ഇരിക്കാം. നമോ ഭാരതില്‍ റിസര്‍വേഷന്‍ ആവശ്യമില്ല.
അതേസമയം, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂര്‍ മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂര്‍ (പാലക്കാട് വഴി), എറണാകുളം-തിരുവനന്തപുരം, കൊല്ലം-തിരുനെല്‍വേലി റൂട്ടുകളില്‍ വന്ദേ മെട്രോ സര്‍വീസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, വന്ദേഭാരത് ട്രെയിനുകളുടെ സ്പീഡ് കൂട്ടാനുള്ള ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവിലുള്ള ഡിസൈന്‍ സ്പീഡ് 180 കിലോമീറ്ററാണ്. ഇത് ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ സ്പീഡുള്ള വന്ദേഭാരത് ട്രെയിനുകള്‍ വിപണിയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ക്കു വേണ്ടിയുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്.
ഇന്ത്യ ബുള്ളറ്റ് ട്രെയിനുകളുടെ കാലത്തേക്ക് കടക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. നിലവില്‍ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിനുകള്‍ക്കായി ആശ്രയിക്കാന്‍ സാധിക്കുക ജപ്പാനെ മാത്രമാണ്. എന്നാല്‍ ഇവയ്ക്ക് വലിയ വിലയുമാണ്. ഹിറ്റാച്ചി, കാവസാക്കി എന്നീ കമ്പനികളുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 കോച്ചുകളുള്ള ഒരു ബുള്ളറ്റ് ട്രെയിനിന് 460 കോടി രൂപയോളമാണ് അവര്‍ ചോദിക്കുന്നത്.
ഇതിനിടെ ബുള്ളറ്റ് ട്രെയിന്‍ ഒരു ബാധ്യതയായി മാറുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് നിര്‍മ്മാണം തന്നെ വന്‍ ചിലവാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സിയുടെ ഫണ്ട് ഇന്ത്യയ്ക്ക് ലഭിക്കും. 1,60,000 കോടി രൂപയുടെ ഈ ഫണ്ടിന്റെ പ്രതിവര്‍ഷ തിരിച്ചടവ് മാത്രം 3,280 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50 വര്‍ഷമാണ് ഇഎംഐ കാലാവധി.