V Narayanan ISRO Chairman: ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി തിളക്കം; ഡോ വി. നാരായണന്‍ പുതിയ ചെയർമാനാകും
V Narayanan New Chairman of ISRO: നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14ന് വി നാരായണൻ ചുമതയേൽക്കും. ഐഎസ്ആര്‍ഒ തലപ്പത്തേക്ക് എത്തുന്ന ആറാമത്തെ മലയാളി ആണ് വി നാരായണന്‍.
ന്യൂഡൽഹി: ഐഎസ്ഐആർഒ തലപ്പത്തേക്ക് വീണ്ടും ഒരു മലയാളി. ഡോ.വി നാരായണൻ ഐഎസ്ഐആർഒയുടെ പുതിയ ചെയർമാനായി ചുമതയേൽക്കും. നിലവിൽ, തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ് കന്യാകുമാരി സ്വദേശിയായ വി. നാരായണന്‍. ബഹിരാവകാശ വകുപ്പ് സെക്രട്ടറി, ബഹിരാവകാശ ചെയർമാൻ എന്നീ ചുമതലകളും അദ്ദേഹത്തിനുണ്ടാകും. രണ്ടു വർഷത്തേക്കാണ് നിയമനം. നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14ന് വി നാരായണൻ ചുമതയേൽക്കും. ഇതോടെ, ഐഎസ്ആര്‍ഒ തലപ്പത്തേക്ക് എത്തുന്ന ആറാമത്തെ മലയാളിയാകും വി നാരായണന്‍.
റോക്കറ്റ്, ബഹിരാവകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്‌ധൻ ആണ് വി നാരായണൻ. 1984-ൽ ഐഎസ്ആർഒയിൽ ചേർന്ന അദ്ദേഹം എൽ.പി.എസ്.സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുടക്കകാലത്ത് , വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി), ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), എന്നിവയുടെയും സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും നാലര വർഷക്കാലം പ്രവർത്തിച്ചു. അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, കോമ്പോസിറ്റ് മോട്ടോർ കേസുകൾ, റിയലൈസേഷൻ തുടങ്ങിയവയിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധിയാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിൽ നിന്ന് എംടെക്കിൽ ഒന്നാം റാങ്കിന് വെള്ളി മെഡലും, ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡലും വി നാരായണൻ നേടിയിട്ടുണ്ട്. കൂടാതെ, 1989-ൽ ക്രയോജനിക് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അദ്ദേഹം 2001-ൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പി.എച്ച്.ഡിയും സ്വന്തമാക്കി.
ALSO READ: ‘എച്ച്എംപിവിയിൽ പരിഭ്രാന്തരാകേണ്ടതില്ല, ജലദോഷത്തെ നേരിടുന്ന മുൻകരുതൽ മതി’: ഡോ. സൗമ്യ സ്വാമിനാഥൻ
റോക്കറ്റിനും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള എഎസ്ഐ അവാർഡ്, ഐഎസ്ആർഒയുടെ ടീം എക്സലൻസ് അവാർഡുകൾ, ചെന്നൈയിലെ സത്യബാമ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ഓഫ് സയൻസ് (ഹോണറിസ് കോസ) ഓണററി ബിരുദം, 2018ൽ ഖരഗ്പൂരിലെ ഐഐടിയുടെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ്, എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (AeSI) യുടെ നാഷണൽ എയറോനോട്ടിക്കൽ പ്രൈസ് (2019), നാഷണൽ ഡിസൈൻ ആൻഡ് റിസർച്ച് ഫോറം ഓഫ് എഞ്ചിനീയേഴ്‌സിൻ്റെ (ഇന്ത്യ) നാഷണൽ ഡിസൈൻ അവാർഡ് (2019) തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഇൻ്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സിലെ (IAA) അംഗമായ അദ്ദേഹം ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ്റെ സ്‌പേസ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗം കൂടിയാണ്. കൂടാതെ, ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിൻ്റെ ഫെലോ, ഇന്ത്യൻ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൻ്റെ (ISSE), ഫെല്ലോ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ), എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ, ഇന്ത്യൻ ക്രയോജനിക് കൗൺസിലിൻ്റെ ഫെല്ലോ, ഐഎൻഎഇ ഗവേണിംഗ് കൗൺസിൽ അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.