Uttarakhand Nurse Murder: നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെടുത്തത് ഒന്‍പത് ദിവസത്തിന് ശേഷം
The nurse was raped and killed: കൊലപാതകം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷം അവരുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഖ്‌നൗ: ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതിമൂന്ന് വയസുകാരിയായ നഴ്‌സാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു.
കൊലപാതകം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷം അവരുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നഴ്‌സ് ജോലി ചെയ്തിരുന്നത്. ബിലാസ്പുര്‍ കോളനിയില്‍ പതിനൊന്ന് വയസുകാരിയായ മകള്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. ജൂലൈ 30ന് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയിലാണ് യുവതി വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍ ആ യാത്ര വീട്ടിലെത്തിയില്ല. തുടര്‍ന്ന് ഇവരുടെ സഹോദരി ജൂലൈ 31ന് ദുദ്രാപുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Also Read: Kerala Banana Price: തൊട്ടാല്‍ വെറും പൊള്ളല്‍ അല്ല വെന്തുരുകും; നേന്ത്രക്കായക്ക് പൊന്നുംവില
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8ന് ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധര്‍മേന്ദ്ര എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഇയാള്‍ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. ക്രൂരബലാത്സംഗത്തിന് ശേഷം സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന 3000 രൂപയും ഫോണും സ്വര്‍ണവും പ്രതി മോഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
അതേസമയം, കൊല്‍ക്കത്തയിലെ ജൂനിയര്‍ വിഭാഗം ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണം, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
അതേസമയം, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ട്, ഋത്വിക് റോഷന്‍, സാറ അലി ഖാന്‍, കരീന കപൂര്‍ തുടങ്ങിയവര്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുള്ളത്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒരുമിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിമറിയിക്കും.
അതേസമയം, രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ഐഎംഎ. രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂര്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുക. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാവരോടും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും 48 മണിക്കൂറിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഗവര്‍ണര്‍ സി വി ആനന്ദ ബോസ് മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ സമരം നടക്കുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലുണ്ടായ ആക്രണത്തിന് പിന്നില്‍ ബിജെപിയും ഇടത് പാര്‍ട്ടികളും ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആള്‍കൂട്ട ആക്രമണം ഉണ്ടായത്.
അര്‍ധരാത്രിയില്‍ ആശുപത്രി അക്രമികള്‍ അടിച്ചുതകര്‍ത്തു. സമരക്കാരെ മര്‍ദിച്ച അക്രമികള്‍ പോലീസിനെയും കൈയേറ്റം ചെയ്തതായാണ് വിവരം. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ ഏഴ് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ സിവില്‍ പോലീസ് വോളണ്ടിയറായി നിന്നിരുന്ന സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ മാത്രമല്ല പ്രതിയെന്നും ആരോപണമുണ്ട്.