21കാരിയുമായി വിവാഹമുറപ്പിച്ചു; വധുവായെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി നൽകി യുവാവ്
Uttar Pradesh Man Duped into Marrying 45 Year Old: യുവാവിന്റെ ജ്യേഷ്ഠൻ നദീമും ഭാര്യ ഷൈദയും ചേർന്നാണ് മൻതാഷ എന്ന 21കാരിയുമായി അസീമിന്റെ വിവാഹം ഉറപ്പിച്ചത്. ഷൈദയുടെ അനന്തരവളാണ് ഫസൽപുർ സ്വദേശിയായ മൻതാഷ.

ലഖ്‌നൗ: യുവാവിന്റെ വിവാഹം ഉറപ്പിച്ചത് 21കാരിയുമായാണെങ്കിലും വധുവിന്റെ വേഷത്തിൽ ചടങ്ങിനെത്തിയത് യുവതിയുടെ വിധവയായ അമ്മ. ഉത്തർ പ്രദേശിലെ ശാമിലിയിലാണ് സംഭവം. വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതോടെ യുവാവ് പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുകയാണ്.
22കാരനായ മുഹമ്മദ് അസീം എന്ന യുവാവാണ് വധുവിന് പകരം അവരുടെ അമ്മയെ വിവാഹ വേഷത്തിൽ കണ്ട് ഞെട്ടിയത്. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയാണ് മുഹമ്മദ് അസീം. യുവാവിന്റെ ജ്യേഷ്ഠൻ നദീമും ഭാര്യ ഷൈദയും ചേർന്നാണ് മൻതാഷ എന്ന 21കാരിയുമായി അസീമിന്റെ വിവാഹം ഉറപ്പിച്ചത്. മാർച്ച് 31നായിരുന്നു ഇത് നടന്നത്. ഷൈദയുടെ അനന്തരവൾ ആണ് ഫസൽപുർ സ്വദേശിയായ മൻതാഷ.
നിക്കാഹ് ചടങ്ങ് നടക്കുന്നതിനിടെ വധുവിന്റെ പേര് മൻതാഷ എന്ന് പറയുന്നതിന് പകരം താഹിറ എന്ന് മൗലവി പറഞ്ഞതോടെ ആണ് അസീമിന് സംശയം തോന്നിയത്. ഇതോടെ അസീം വധുവിന്റെ മുഖാവരണം മാറ്റി നോക്കിയപ്പോഴാണ് വധുവിന്റെ സ്ഥാനത്ത് മൻതാഷയുടെ അമ്മയെ കണ്ടത്. വിവാഹവുമായി മുന്നോട്ടുപോകാനും, വധുവിനെ ഒപ്പം കൊണ്ടുപോകാനും തയാറല്ലെന്ന് പറഞ്ഞതോടെ ജ്യേഷ്ഠൻ നദീമും ഭാര്യ ഷൈദയും ചേർന്ന് വ്യാജ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അസീം പോലീസിന് മൊഴി നൽകി.
ALSO READ: വാളുമായി എത്തി ബസും മറ്റ് വാഹനങ്ങളും തകർത്തു; 16കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതോടെ അസീം നിയമനടപടികൾ എന്തെങ്കിലും വരുമോ എന്ന് ഭയന്നു. അതിനാൽ വീട്ടിലേക്ക് മടങ്ങിയ ഉടൻ മീററ്റിലെഎസ്എസ്പി ഓഫീസിൽ എത്തി പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും മീററ്റ് എസ്എസ്പി ഡോ. വിപിൻ താട വ്യക്തമാക്കി.