Yogi Adithyanath: ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ധിഖിയെപ്പോലെ കൊല്ലപ്പെടും’; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി
Yogi Adithyanath Gets Death Threat: അജ്‌ഞാത നമ്പറിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്, മുംബൈ പോലീസിന്റെ വാട്സാപ്പ് ഹെല്പ് ലൈൻ നമ്പറിലേക്ക് യോഗിക്കെതിരെ വധ ഭീഷണി സന്ദേശം വരുന്നത്.
ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. പത്ത് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇറങ്ങിയില്ലെങ്കിൽ മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 12-നാണ് മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷം നേതാവുമായിരുന്ന ബാബ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയി സംഘം ഏറ്റെടുക്കുകയും ചെയ്തു. വൈകാതെ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയും വധ ഭീഷണി ഉയർന്നു. ഇതിനു പിന്നാലെയാണ്, ഇപ്പോൾ യോഗി ആദിത്യനാഥിനെതിരെയും വധ ഭീഷണി ഉയർന്നിരിക്കുന്നത്.
ALSO READ: സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് രണ്ട് കോടി, പോലീസ് അന്വേഷണം ആരംഭിച്ചു
അജ്‌ഞാത നമ്പറിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്, മുംബൈ പോലീസിന്റെ വാട്സാപ്പ് ഹെല്പ് ലൈൻ നമ്പറിലേക്ക് യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി സന്ദേശം വരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സന്ദേശമയച്ച ഫോൺ നമ്പർ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം, സൽമാൻ ഖാനെതിരെയുള്ള വധ ഭീഷണിയും മുംബൈ ട്രാഫിക് പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിലേക്ക് തന്നെയാണ് വന്നത്. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന രീതിയിലാരുന്നു ഭീഷണി സന്ദേശം. ഇതിനു പിന്നാലെ, താരത്തിനു ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം ചെയ്തിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.