Shahzadi Khan: ഷഹ്‌സാദിയുടെ വധശിക്ഷ നടപ്പിലാക്കിയത് കഴിഞ്ഞ മാസം; മകളുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സഹായിക്കണം; നെഞ്ചുപൊട്ടി പിതാവ്
Shahzadi Khan's father alleges injustice: ഉത്തർപ്രദേശ് സ്വദേശിനിയാണ് ഷഹ്‌സാദി. 2023 ജൂലൈ 31നാണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബറില്‍ ലീഗല്‍ വിസയിലാണ് മകള്‍ അബുദാബിയിലേക്ക് പുറപ്പെട്ടതെന്ന് ഷഹ്‌സാദിയുടെ പിതാവ്. 2022 ഓഗസ്റ്റിലാണ് അബുദാബിയില്‍ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞിന്റെ പരിചരണം ഷഹ്‌സാദിയെ ഏല്‍പിക്കുന്നത്

യുഎഇയില്‍ ഇന്ത്യന്‍ യുവതിയുടെ വധശിക്ഷ നടപ്പിലാക്കിയത് ഫെബ്രുവരി 15നെന്ന് റിപ്പോര്‍ട്ട്. അബുദാബിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റത്തിന് യുപി സ്വദേശി യുപി സ്വദേശി ഷഹ്‌സാദി ഖാനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരി 15 ന് നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അന്ത്യകർമങ്ങൾ മാർച്ച് 5 ന് അബുദാബിയിൽ നടക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. നടപടികൾ സുഗമമാക്കുന്നതിന് കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും വിദേശകാര്യമന്ത്രാലയം കോടതിയെ അറിയിച്ചു. സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് കോടതി വിശേഷിപ്പിച്ചത്.
ഉത്തർപ്രദേശിലെ ബന്ദ സ്വദേശിനിയാണ് ഷഹ്‌സാദി. 2023 ജൂലൈ 31നാണ് വധശിക്ഷ വിധിച്ചത്. 2021 ഡിസംബറില്‍ ലീഗല്‍ വിസയിലാണ് മകള്‍ അബുദാബിയിലേക്ക് പുറപ്പെട്ടതെന്ന് ഷഹ്‌സാദിയുടെ പിതാവ് ഷബീര്‍ ഖാന്‍ പറഞ്ഞു. 2022 ഓഗസ്റ്റിലാണ് അബുദാബിയില്‍ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞിന്റെ പരിചരണം ഷഹ്‌സാദിയെ ഏല്‍പിക്കുന്നത്.
ഇതിനിടെ കുഞ്ഞ് മരിച്ചു. ഇതിന് പിന്നില്‍ ഷഹ്‌സാദിയാണെന്നായിരുന്നു ആരോപണം. പിന്നാലെ യുവതി അറസ്റ്റിലായി. തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആഗ്ര സ്വദേശിയായ ഉസൈറാണ് ഷഹ്‌സാദിയെ പ്രലോഭിപ്പിച്ച് അബുദാബിയിലേക്ക് കൊണ്ടുപോയതെന്ന് ഷബീര്‍ ഖാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.




പിന്നീട് ഇയാളുമായി ബന്ധമുള്ള ദമ്പതികള്‍ക്ക് മകളെ വില്‍ക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു. കുട്ടിക്കാലത്ത് ഷഹ്‌സാദിയുടെ മുഖത്ത് പൊള്ളലേറ്റിരുന്നു. മുഖത്തെ പ്രശ്‌നങ്ങള്‍ മാറ്റിത്തരാമെന്നടക്കം ഇയാള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇയാളുടെ വാക്കുകള്‍ യുവതി വിശ്വസിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കൾ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് പറഞ്ഞതായും, കൂടുതൽ അന്വേഷണം ഒഴിവാക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. 2023 സെപ്തംബറില്‍ ഷഹ്‌സാദിയുടെ അപ്പീല്‍ തള്ളിയിരുന്നു. 2024 ഫെബ്രുവരി 28ന് വധശിക്ഷ ശരിവച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും, അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അബുദാബിയില്‍ പോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും ഷഹ്‌സാദിയുടെ പിതാവ് പറഞ്ഞു.