Witchcraft Crime: പനി മാറാൻ മന്ത്രവാദം; ക്രൂര മർദ്ദനത്തിനിരയായ മൂന്നുവയസുകാരി മരിച്ചു
UP Witchcraft Crime: പിശാചുകളെ ഒഴിപ്പിക്കുന്നതിനായി അവർ പെൺകുട്ടിയെ മർദ്ദിക്കുകയും കൈപ്പത്തികൾ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി കുടുംബത്തിൻ്റെ കൈയ്യിൽ നിന്നും ഇവർ 1500 രൂപയും വാങ്ങി. സ്ത്രീയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ (UP lakhimpur) മന്ത്രവാദത്തിന് (Witchcraft) പിന്നാലെ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി. രോഗബാധിതയായ പെൺകുട്ടിയെ ചികിത്സിക്കുന്നതിനായാണ് സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവന്നത്. ചികിത്സയുടെ പേരിൽ പെൺകുട്ടിയെ അവർ ക്രൂരമായി മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്. പെൺകുട്ടിയെ പിശാചുകൾ പിടികൂടിയിരിക്കുന്നതായി പറഞ്ഞാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. പിശാചുകളെ ഒഴിപ്പിക്കുന്നതിനായി അവർ മൂന്നുവയസുക്കാരിയെ മർദ്ദിക്കുകയും കൈപ്പത്തികൾ കത്തിക്കുകയും ചെയ്തു. ഇതാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
ജലദോഷവും പനിയും വന്ന പെൺകുട്ടിയെ ഡോക്ടറിൻ്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരമാണ് കുടുംബം ഒരു വനിതാ തന്ത്രിയുടെ അടുത്തേക്ക് എത്തിച്ചത്. കുട്ടിയെ മർദ്ദിക്കുന്നത് കണ്ടിട്ടും കുടുംബാംഗങ്ങൾ നോക്കി നിൽക്കുകയാണ് ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് സ്ത്രീ തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നത്.
ALSO READ: വെള്ളത്തിൻ്റെ പേരിൽ സംഘർഷം; പഞ്ചാബിൽ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു
കുട്ടിയുടെ രോഗം മാറ്റുന്നതിനായി കുടുംബത്തിൻ്റെ കൈയ്യിൽ നിന്നും ഇവർ 1500 രൂപയും വാങ്ങിയിരുന്നു. ക്രൂര മർദ്ദനത്തിനൊടുവിൽ നില വഷളായ പെൺകുട്ടിയെ കുടുംബം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാണ് അവർ ആവശ്യപ്പെട്ടത്. സാമ്പത്തിക നില മോശമായതിനാൽ അവർ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പോലീസുകാരുടെ സഹായത്തോടെ പെൺകുട്ടിയെ വീണ്ടും ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടിൽ കഴിയവെ ഞായറാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങുന്നത്. മന്ത്രവാദം നടത്തിയ സ്ത്രീയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.