Dawood Ibrahim : കേസിൽ തനിക്ക് പങ്കില്ല, ഒഴിവാക്കണം- വിളിക്കുന്നത് ദാവൂദ്, പോലീസുകാരൻ വിശ്വസിച്ചില്ല
Dawood Ibrahim Untold Storys: ദാവൂദും സഹോദരനും ചെയ്ത ഏതോ കുറ്റത്തിന് പിതാവ് അവരെ പൊതുജന മധ്യത്തിൽ ചാട്ടവാറിനടിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന തെരുവും വൃത്തി ഹീനമായ ചുറ്റുപാടുള്ള ഒറ്റ മുറി വീടുമായിരുന്നു അയാളുടെ ആദ്യ ലോകം
ഒരു പോലീസുകാരൻ്റെ മകനായി വളർന്നിട്ടും കുറ്റകൃത്യ വാസന ദാവൂദ് ഇബ്രാഹിമിൽ നിന്നും വിട്ടു പോയില്ല, ചുറ്റുപാടുകളാണ് മനുഷ്യനെ കുറ്റവാളിയാക്കുന്നതെന്ന് പഴഞ്ചൻ പോലീസ് തിയറി 1955-കളിലും 60-കളിലുമൊക്കെ മുംബൈയിലെ തെരുവുകളിൽ അലഞ്ഞ് നടന്ന പയ്യന് അനുകൂലമായ കാലമാക്കി.
ദാവൂദും സഹോദരനും ചെയ്ത ഏതോ കുറ്റത്തിന് പിതാവ് അവരെ പൊതുജന മധ്യത്തിൽ ചാട്ടവാറിനടിച്ചു. ആളുകൾ തിങ്ങിപ്പാർക്കുന്ന തെരുവും വൃത്തി ഹീനമായ ചുറ്റുപാടുള്ള ഒറ്റ മുറി വീടുമായിരുന്നു അയാളുടെ ആദ്യ ലോകമെങ്കിൽ പിന്നീടത് രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധാ കേന്ദ്രമായി മാറ്റിയെടുത്തത് കുപ്രസിദ്ധി കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
താനാരാ….
മുംബൈ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ അതിലെ പ്രധാന ആസൂത്രകരിൽ ഒരാളെന്ന നിലയിൽ ദാവൂദിൻ്റെ പേരുകളും മാധ്യമങ്ങളിൽ വരാൻ തുടങ്ങിയ കാലം. മുംബൈ പോലീസ് കമ്മീഷ്ണറുടെ ഓഫീസിലെ ഫോണുകളിൽ ഒന്ന് ശബ്ദിച്ചു കൊണ്ടേയിരുന്നു, തിരക്കിനിടയിൽ ഫോണെടുത്ത ഉദ്യോഗസ്ഥന് വിളിച്ചയാളെ തിരിച്ചറിയാൻ സാധിച്ചില്ല.
വീണ്ടും ബെല്ലടിച്ചു ഇത്തവണ ഫോണിലെ മറു തലയ്ക്കലുള്ളത് ആരാണെന്ന് വിളിച്ചയാൾ പറഞ്ഞു. വിശ്വാസം വരാത്ത ഉദ്യോഗസ്ഥൻ ഫോൺ വെച്ചു. അല്ലെങ്കിൽ തന്നെ കൊടും കുറ്റവാളിയും അധോലോക നേതാവുമൊക്കെയായുള്ള ക്രിമിനൽ പോലീസ് കമ്മീഷ്ണറെ വിളിക്കുമെന്ന് ആ ഫോണെടുത്ത് ഉദ്യോഗസ്ഥനും ശ്രദ്ധിച്ചിരിക്കില്ല.
ഒടുവിലത്തെ ശ്രമത്തിൽ ഫോൺ കമ്മീഷ്ണർക്ക് കണക്ട് ചെയ്തു. മുംബൈ സ്ഫോടനക്കേസിൽ തനിക്ക് പങ്കിലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നുമായിരുന്നു ഫോണിൽ ദാവൂദ് പറഞ്ഞത്. എന്തായാലും താൻ പറഞ്ഞതൊന്നും ചെവിക്കൊള്ളാൻ കമ്മീഷ്ണർ തയ്യാറായില്ലെന്ന് ദാവൂദ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
സ്വത്ത് വിറ്റിട്ടും
മിക്കവാറും മാസത്തിൽ ഒന്ന് എന്ന നിലയിലെങ്കിലും വാർത്തയിൽ നിറയുന്ന വ്യക്തിത്വം കൂടിയാണ് ഇന്ന് ഇന്ത്യയിൽ ദാവൂദ്. ഇതിന് സമാനമായൊരു സംഭവം ഫെബ്രുവരിയിലുണ്ടായി. ദാവൂദ് ഇബ്രാഹിമിൻ്റെ മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള സ്വത്തുക്കൾ ലേലം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ ലേലം ചെയ്യാൻ വെച്ചിരുന്ന വസ്തുക്കൾ വാങ്ങിയത് ഡൽഹിയിലുള്ളയാളായിരുന്നു.
2 കോടി രൂപ പറഞ്ഞ വസ്തുക്കൾക്ക്, ലേലം പിടിച്ച തുകയുടെ 25 ശതമാനം ആദ്യ ഗഡുവായി കൊടുക്കാൻ അയാൾക്കായില്ല. ഇതിന് പിന്നാലെ രണ്ടാമത്തെ ഏറ്റവും വലിയ തുക വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയാൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നെന്ന് ഇന്ത്യാ ടുഡേയിൽ വന്ന ലേഖനത്തിൽ പറയുന്നു. ഇതിന് പിന്നിലും ദാവൂദിൻ്റെ കളികളാണെന്ന് സൂചനകളുണ്ട്.
2023 അവസാനം പുറത്ത് വന്ന വാർത്തകളിലൊന്ന് ദാവൂദിന് വിഷം നൽകിയെന്നും ആശുപത്രിയിലാണെന്നുമായിരുന്നു. എന്നാൽ രഹസ്യാന്വേഷണ ഏജൻസികൾ ഇത് തള്ളികളഞ്ഞു. ഒരു പാക്കിസ്ഥാനി യൂട്യൂബറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ദാവൂദ് പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് ഇപ്പോഴും ഉറപ്പിക്കുന്നതായിരുന്നു പുതിയ വെളിപ്പെടുത്തൽ. എന്തായാലും ദാവൂദിൻ്റെ സാന്നിധ്യം ഉറപ്പിക്കാനാണ് ഇത്തരമൊരു വ്യാജവാർത്ത എന്ന് മറ്റൊരു വിഭാഗവും പറയുന്നു.
തലയ്ക്ക് 2.5 കോടി, സ്വത്ത് അതുക്കും മേലെ
കൊടും കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2.5 കോടിയാണ് ദാവൂദിൻ്റെ തലയ്ക്കിട്ട വില, എന്നാൽ 2015-ൽ ഏറ്റവും അവസാനം വന്ന കണക്കിൽ 55,741.65 കോടിയാണ് ഇയാളുടെ ആസ്തിയെന്ന് ഫോബ്സിൻ്റെ ലേഖനത്തിൽ പറയുന്നു. ലോകത്തെ 16 രാജ്യങ്ങളിലായാണ് ദാവൂദിൻ്റെ വസ്തു വകകളുള്ളതെന്ന് ഗുഡ് റിട്ടേൺസ് പങ്ക് വെച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.