Union Budget 2025 : ബജറ്റ് അവതരിപ്പിക്കും വരെ പുറംലോകവുമായി ബന്ധമില്ല; ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് ‘ക്വാറന്റൈന്‍ വൈബ്’; ഇവര്‍ എവിടെ താമസിക്കും?
Union Budget lock in process of officials : ഫെബ്രുവരി ഒന്നിന് രാവിലെ 11നാണ് ബജറ്റ് അവതരണം. നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിലാണ് 1980 മുതൽ കേന്ദ്ര ബജറ്റ് അച്ചടിക്കുന്നത്. കേന്ദ്ര ബജറ്റ് പൂര്‍ണമായും ഡിജിറ്റലായി മാറിയതോടെ, ചില പ്രധാന രേഖകള്‍ മാത്രമാണ് ഇപ്പോള്‍ പ്രസില്‍ അച്ചടിക്കാറുള്ളത്. ഇത്തവണത്തെ ബജറ്റും പേപ്പര്‍ രഹിത ഫോര്‍മാറ്റിലാകും അവതരിപ്പിക്കുക.
ഹല്‍വ സെറിമണിക്ക് പിന്നാലെ ‘ക്വാറന്റൈനി’ല്‍ പ്രവേശിച്ചിരിക്കുകയാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍. ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തിച്ച ഉദ്യോഗസ്ഥരെയാണ് ഇത് അവതരിപ്പിക്കും വരെ പുറംലോകവുമായി ബന്ധമില്ലാതെ പാര്‍പ്പിക്കുന്നത്. ബജറ്റിന്റെ രഹസ്യാത്മകത ഉറപ്പാക്കാനാണ് ഈ നീക്കം. 1950ലെ ബജറ്റ് ചോര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നടപടി ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് അവതരിപ്പിക്കും വരെ ക്വാറന്റൈന് സമാനമായ സാഹചര്യമാകും ഈ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരിക. ഒരുപരിധി വരെ ക്വാറന്റൈനിനെക്കാളും നിയന്ത്രണം ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരും. ഏകദേശം 10 ദിവസത്തോളമാണ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ കഴിയേണ്ടി വരുന്നത്. ഇത്തവണ ഫെബ്രുവരി ഒന്നിനാണ് ബജറ്റ് പ്രഖ്യാപനം. അന്ന് വരെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഈ കാലയളവില്‍ ഇവര്‍ കുടുംബവുമായി പോലും ബന്ധപ്പെടാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കിലാകും ഉദ്യോഗസ്ഥര്‍ കഴിയുന്നത്. ശക്തമായ നിരീക്ഷണവുമുണ്ടാകും.
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡാണ് നിര്‍മല സീതാരാമനെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ റെക്കോഡ് അവതരിപ്പിച്ചതിന്റെ നിലവിലെ റെക്കോഡും നിര്‍മലാ സീതാരാമന്റെ പേരിലാണ്. തുടര്‍ച്ചയായി ആറു റെക്കോഡുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് രണ്ടാമത്.
ബജറ്റ് തയ്യാറാക്കുന്നത് എങ്ങനെ?
നടപ്പുവർഷത്തേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകളും അടുത്ത വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുകളും തയ്യാറാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ധനകാര്യമന്ത്രാലയം എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന് മന്ത്രാലയങ്ങളും വകുപ്പുകളും വരുമാന, ചെലവ് വിശദാംശങ്ങള്‍ ധനകാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. മന്ത്രാലയങ്ങളും വകുപ്പുകളും ബജറ്റ് നിർദ്ദേശങ്ങൾ പ്രൊവിഷണൽ സ്റ്റേറ്റ്മെന്റ് ഓഫ് ബജറ്റ് എസ്റ്റിമേറ്റ്സ് (എസ്ബിഇ) രൂപത്തിലും നല്‍കും.
Read Also : രോഗനിർണയത്തിന് എഐ, ശസ്ത്രക്രിയയ്ക്ക് റോബോട്ട്; ബജറ്റിൽ ആരോഗ്യമേഖല പ്രതീക്ഷിക്കുന്നത് എന്തെല്ലാം?
പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ ബജറ്ററി പരിധി നിശ്ചയിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തും. തീരുമാനങ്ങൾ അന്തിമമാക്കിയ ശേഷം, ധനകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ധനകാര്യമന്ത്രിയുടെ പ്രസംഗം തയ്യാറാക്കും.
രഹസ്യാത്മകതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട്, നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിലാണ് 1980 മുതൽ കേന്ദ്ര ബജറ്റ് അച്ചടിക്കുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റ് പൂര്‍ണമായും ഡിജിറ്റലായി മാറിയതോടെ, ചില പ്രധാന രേഖകള്‍ മാത്രമാണ് ഇപ്പോള്‍ പ്രസില്‍ അച്ചടിക്കാറുള്ളത്. സമീപകാല ബജറ്റുകളെ പോലെ ഇത്തവണത്തെ ബജറ്റും പേപ്പര്‍ രഹിത ഫോര്‍മാറ്റിലാകും അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിന് രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.