CSR Fund: എന്താണ് സിഎസ്ആര്‍ ഫണ്ട്? അവയുടെ പ്രധാന്യമെന്ത്?
What Does Mean CSR Fund: ഇന്ത്യയിലെ കമ്പനികള്‍ നിറവേറ്റേണ്ട സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നീക്കിവെക്കുന്ന തുകയാണ് സിഎസ്ആര്‍ ഫണ്ട്. 2013ലെ കമ്പനി നിയമപ്രകാരം, നിശ്ചിത വരുമാനമുള്ള കമ്പനികള്‍ ലാഭത്തിന്റെ 2% സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കേണ്ടതുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസം, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഈ തുക ഉപയോഗിച്ച് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തില്‍ രാജ്യത്ത് വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് അഥവാ സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടുറുകളും ലാപ്ടോപ്പുകളും വാഗ്ദാനം നല്‍കി അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ഈയൊരു സാഹചര്യത്തില്‍ പലര്‍ക്കുമുണ്ടാകുന്ന സംശയമാണ് എന്താണ് സിഎസ്ആര്‍ ഫണ്ട് എന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും. വിശദമായി പരിശോധിക്കാം.
എന്താണ് സിഎസ്ആര്‍ ഫണ്ട്?
രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന് സംഭാവന നല്‍കുന്നതിനായി കമ്പനികള്‍ നീക്കിവെക്കേണ്ടതായ തുകയെ പറയുന്ന പേരാണ് സിഎസ്ആര്‍ ഫണ്ട്. ഓരോ കമ്പനിയും ലാഭം നേടുന്നതോടൊപ്പം തന്നെ സമൂഹത്തിനും സംഭാവനകള്‍ നല്‍കണമെന്ന ആശയത്തില്‍ നിന്നാണ് ഈ ഫണ്ടിന് തുടക്കമിടുന്നത്. കമ്പനി ആക്ട് 2013ലാണ് സിഎസ്ആര്‍ ഫണ്ടുകളെ കുറിച്ച് പ്രതിപാദിക്കുന്നത്. സിഎസ്ആര്‍ ഫണ്ടുകള്‍ ചെലവിടുന്നത് നിര്‍ബന്ധമാക്കിയ ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.
സിഎസ്ആര്‍ ഫണ്ട് നിയമം
2013ലെ കമ്പനീസ് ആക്ടിലെ സെക്ഷന്‍ 135 പ്രകാരമാണ് ഇന്ത്യയില്‍ സിഎസ്ആര്‍ ഫണ്ട് ശേഖരിക്കുന്നത്. അതേ നിയമത്തിലെ ഷെഡ്യൂള്‍ ഏഴില്‍ ഫണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രതിപാദിക്കുന്നു. നിയമം പറയുന്നത് അനുസരിച്ച് നിര്‍ദ്ദിഷ്ട സാമ്പത്തിക നിബന്ധനകള്‍ പാലിക്കുന്ന ഏതൊരു കമ്പനിയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ കുറഞ്ഞത് 2 ശതമാനം എങ്കിലും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണം.




- 500 കോടിയോ അതിന് മുകളിലോ ആസ്തിയുള്ള കമ്പനികള്‍.
- 1000 കോടി രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍.
- 5 കോടി രൂപയോ അതില്‍ കൂടുതലോ അറ്റാദായം ഉള്ള കമ്പനികള്‍.
എന്നിവയാണ് സിഎസ്ആര്‍ ഫണ്ട് നല്‍കേണ്ടതായി വരുന്നത്. ഇത്തരം കമ്പനികള്‍ അവരുടെ സിഎസ്ആര്‍ നയം രൂപീകരിക്കുന്നതിനം മേല്‍നോട്ടം വഹിക്കുന്നതിനുമായി സിഎസ്ആര്‍ കമ്മിറ്റി രൂപീകരിക്കണം. മാത്രമല്ല, ഈ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
സിഎസ്ആറിന് കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍
സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്താവുന്നതാണ്. സാമൂഹികവും പാരിസ്ഥിതികവുമായ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിയമത്തില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാം.
- ദാരിദ്ര്യ നിര്‍മാര്‍ജനം
- വിദ്യാഭ്യാസം, തൊഴില്‍ മേഖല മെച്ചപ്പെടുത്തല്‍
- ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക, സ്ത്രീ ശാക്തീകരണം
- പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍
- പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കോ സാമൂഹിക-സാമ്പത്തിക
- വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും ഫണ്ടിലേക്കോ സംഭാവന ചെയ്യുക
ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും കമ്പനിയിലെ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കരുത് അവയൊന്നും. മാത്രമല്ല ഇവയൊന്നും പതിവ് ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
സിഎസ്ആര്‍ ഫണ്ടിന്റെ പ്രാധാന്യം
സാമൂഹിക ക്ഷേമവും കോര്‍പ്പറേറ്റ് ഭരണവും സംയോജിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ഇന്ത്യയില്‍ നടപ്പിലാക്കിയ നിര്‍ബന്ധിത സിഎസ്ആര്‍. രാജ്യത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങളിലേക്ക് കമ്പനികള്‍ സംഭാവന നല്‍കുന്നുണ്ടെന്നാണ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ മുതല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വരെ ഈ ഫണ്ട് വളരെ നിര്‍ണായകമാണ്.
സിഎസ്ആര്‍ ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇന്‍ഫോസിസ് കമ്പനി ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ വിശപ്പ്, ദാരിദ്ര്യം, വിദ്യാഭ്യാസം, ഗ്രാമിവികസനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Also Read: CSR Fund Scam: പാതിവിലത്തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ടാറ്റ സ്റ്റീലിന്റെ മുന്‍നിര സിഎസ്ആര്‍ പദ്ധതിയായ മാതൃ-നവജാത ശിശി അതിജീവന സംരംഭം സമൂഹത്തിലെ ആരോഗ്യമേഖലയ്ക്കും ക്ഷേമത്തിനും സംഭാവന ചെയ്യുന്നു. മറ്റൊരു പ്രധാന കമ്പനി ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ആണ്. അവര്‍ ഗ്രാമീണ, ഗോത്ര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സിഎസ്ആര്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍
ഇന്ത്യയില്‍ സിഎസ്ആര്‍ നടപ്പാക്കുന്നതിലും ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മതിയായ പ്രോജക്ട് പങ്കാളികളുടെ അഭാവവും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നിരീക്ഷിക്കുന്നതിലുമുള്ള സങ്കീര്‍ണതയുമാണ് പ്രധാന വെല്ലുവിളി.
ചെറിയ കമ്പനികള്‍ക്ക് സിഎസ്ആര്‍ ഫണ്ടുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വൈദഗ്ധ്യവും വിഭവങ്ങളും ലഭിക്കാതെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കൂടാതെ സാമൂഹിക നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്ന കാര്യം പരിഗണിക്കാതെ പല കമ്പനികളും ഒരു ചടങ്ങ് മാത്രമായി സിഎസ്ആറിനെ കാണുന്നുവെന്നതാണ് മറ്റൊരു വെല്ലുവിളി.