UGC NET Exam: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; ക്രമക്കേട് സിബിഐ അന്വേഷിക്കും
UGC NEET Exam Canceled: 1205 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. നെറ്റ് യോഗ്യത ഇത്തവണ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കും എന്നതുകൊണ്ട് തന്നെ പരീക്ഷയ്ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ പ്രാധാന്യവുമുണ്ടായിരുന്നു.
ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് റദ്ദാക്കി. കഴിഞ്ഞ ചൊവാഴ്ച നടന്ന നെറ്റ് പരീക്ഷയാണ് റദ്ദാക്കിയത്. ജൂണ്‍ 18ന് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.
പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കുമെന്നും കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.
1205 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. നെറ്റ് യോഗ്യത ഇത്തവണ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കും എന്നതുകൊണ്ട് തന്നെ പരീക്ഷയ്ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ പ്രാധാന്യവുമുണ്ടായിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായി നടത്തിയിരുന്ന പരീക്ഷ ഇത്തവണ നടത്തിയത് ഓഫ്‌ലൈനായാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സൂചന പുറത്തുവിട്ടത്. ഇത് പരിശോധിക്കുന്നതിനായി പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റദ്ദാക്കിയ പരീക്ഷ എന്ന് നടക്കും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
യുജിസി നെറ്റ് ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പേ ടെലഗ്രാം ചാനലുകളില്‍ ലഭ്യമായതാണ് വിവരം. ഐ4സി ഡിവിഷന്‍ ഇക്കാര്യം യുജിസിയെ അറിയിച്ചതോടെയാണ് ഉടനടി പരീക്ഷ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകളും ടെലഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു.
നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. രണ്ട് ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നുമാണ് അദ്ദേഹം തുറന്നുസമ്മതിച്ചത്. കാരണക്കാര്‍ എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി സമ്മതിക്കുന്നത്. നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കാന്‍ നേരത്തെ തീരുമാനം ആയിരുന്നു. ഇവര്‍ക്ക് റീ ടെസ്റ്റ് നടത്താനുള്ള എന്‍ടിഎ സമിതിയുടെ ശുപാര്‍ശക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ മാസം 23നാണ് വീണ്ടും പരീക്ഷ നടത്തുക.
അതേസമയം, ഈ മാസം റദ്ദാക്കുന്ന രണ്ടാമത്തെ പരീക്ഷയാണ് യുജിസി നെറ്റ്. നേരത്തെ 4 വര്‍ഷ ബിഎഡ് പ്രോഗ്രാമിലേക്കുള്ള നാഷണല്‍ കോമണ്ഡ എന്‍ട്രന്‍സ് ടെസ്റ്റും റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭൂരിഭാഗം സ്ഥലങ്ങളിലും പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതാണ് ഇതിനുകാരണം.