Uber: മോശം റോഡ് വിമാനം മിസ്സാകാന്‍ കാരണമായോ? 7,500 രൂപ നഷ്ടപരിഹാരം ഉറപ്പെന്ന് ഊബര്‍
Uber's Missed Flight Connection Cover Scheme: മോശം റോഡുകള്‍ കാരണം ട്രെയിനുകളും വിമാനങ്ങളുമെല്ലാം നഷ്ടമാകുന്നതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് ഊബര്‍. മോശം റോഡുകള്‍ കാരണം വിമാനങ്ങള്‍ മിസ് ആയാല്‍ 7,500 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക് കമ്പനിയായ ഊബര്‍ അറിയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: നിരവധി കാരണങ്ങള്‍ കൊണ്ട് നമ്മുടെ യാത്രകള്‍ മുടങ്ങാറുണ്ട്. ഗതാഗതാക്കുരുക്ക് തന്നെയാണ് പലപ്പോഴും അതിന് പ്രധാന കാരണമാകാറുള്ളത്. ഇന്ത്യയിലെ റോഡുകളുടെ അവസ്ഥയും ഒട്ടും പിന്നിലല്ല. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രകള്‍ ദുഷ്‌കരമായത് കൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ പലപ്പോഴും സാധിക്കാറില്ല.
എന്നാല്‍ മോശം റോഡുകള്‍ കാരണം ട്രെയിനുകളും വിമാനങ്ങളുമെല്ലാം നഷ്ടമാകുന്നതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് ഊബര്‍. മോശം റോഡുകള്‍ കാരണം വിമാനങ്ങള്‍ മിസ് ആയാല്‍ 7,500 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക് കമ്പനിയായ ഊബര്‍ അറിയിച്ചിരിക്കുന്നത്.
അങ്ങനെ വെറുതെ നഷ്ടപരിഹാരം തരുന്നതല്ല, നിങ്ങള്‍ യാത്ര ചെയ്തത് ഊബര്‍ ടാക്‌സിയില്‍ ആണെങ്കില്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. കമ്പനി പുതുതായി ആവിഷ്‌കരിച്ച മിസ്ഡ് ഫ്‌ളൈറ്റ് കണക്ഷന്‍ കവര്‍ എന്ന പദ്ധതി പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുക.




അതുമാത്രമല്ല, യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടമുണ്ടാകുകയാണെങ്കില്‍ ആശുപത്രി ചെലവിലവിനായി 10,000 രൂപയും ഊബര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചുകൊണ്ടാണ് ഊബര്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ മോശം റോഡുകള്‍ കാരണം ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഊബര്‍ ഡ്രൈവര്‍മാര്‍ ട്രിപ്പുകള്‍ എടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഊബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
യാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഫ്‌ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ്, വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലെന്നും റീഫണ്ട് ലഭിക്കില്ല എന്നും തെളിയിക്കുന്ന വിമാനക്കമ്പനിയുടെ സത്യവാങ്മൂലം. പണം സ്വീകരിക്കുന്നതിനുള്ള ബാങ്ക് വിവരങ്ങള്‍ എന്നിവ നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ഹാജരാക്കേണ്ടതുണ്ട്.
അതേസമയം, മോശം റോഡുകളും ഗതാഗതക്കുരുക്കും കാരണം കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാതെ വരുമ്പോള്‍ യാത്രക്കാരും ഊബര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുള്ളതായി ക്യാബ് ഡ്രൈവര്‍മാരുടെ സംഘടനയായ മഹാരാഷ്ട്ര രാജ്യ രാഷ്ട്രീയ കാംഗാര്‍ സംഘ് നേതാക്കള്‍ പറഞ്ഞു.
മോശം റോഡുകള്‍ ഡ്രൈവര്‍മാരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വരുമാനം ലഭിക്കുന്നില്ലെന്നും നേതാക്കള്‍ പറയുന്നു.