Uber and Ola: ഒരേ സേവനത്തിന് ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്ത നിരക്ക്; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്
Centre Sent Notice to Uber and Ola: രണ്ട് കമ്പനികളും ഒരേ സേവനത്തിന് ആന്‍ഡ്രോയിഡ് ആണോ ഐഒഎസ് ആണോ ഉപഭോക്താവ് ഉപയോഗിക്കുന്നതെന്ന് നോക്കി നിരക്ക് ഈടാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ഉപഭോക്തൃ മന്ത്രാലയം വിഷയത്തില്‍ നടപടിയെടുത്തത്. ഇരു കമ്പനികളോടും തുക നിശ്ചയിക്കുന്ന രീതികളെ കുറിച്ച് വിശദീകരിക്കാനും വിവേചന സാധ്യതയെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിലും ഐഒഎസിലും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിന് യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ച് കേന്ദ്രം. ഉപഭോക്താവ് ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് ഒരേ സേവനത്തിന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിനെതിരെയാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം നോട്ടീസ് അയച്ചത്. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണം നല്‍കാനും മന്ത്രാലയം ക്യാബ് അഗ്രഗേറ്റര്‍മാരായ ഒലയ്ക്കും യൂബറിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് കമ്പനികളും ഒരേ സേവനത്തിന് ആന്‍ഡ്രോയിഡ് ആണോ ഐഒഎസ് ആണോ ഉപഭോക്താവ് ഉപയോഗിക്കുന്നതെന്ന് നോക്കി നിരക്ക് ഈടാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ഉപഭോക്തൃ മന്ത്രാലയം വിഷയത്തില്‍ നടപടിയെടുത്തത്. ഇരു കമ്പനികളോടും തുക നിശ്ചയിക്കുന്ന രീതികളെ കുറിച്ച് വിശദീകരിക്കാനും വിവേചന സാധ്യതയെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
യൂബറില്‍ ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് വ്യത്യസ്ത ഫോണുകളില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നതെന്ന് കാണിച്ച് നേരത്തെ എക്‌സ് പോസ്റ്റ് വന്നിരുന്നു. മകളുടെ ഫോണില്‍ നിന്നും തന്റെ ഫോണില്‍ നിന്നും ഒരേ സ്ഥലത്തേക്ക് ബുക്ക് ചെയ്യുമ്പോള്‍ രണ്ട് നിരക്ക് കാണിക്കുന്നതായാണ് എക്‌സ് ഉപഭോക്താവ് പറഞ്ഞത്.
“പിക്കപ്പ് പോയിന്റും എത്തിച്ചേരണ്ട സ്ഥലവും ഒന്ന് തന്നെ. എന്നാല്‍ രണ്ട് ഫോണുകളില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ രണ്ട് നിരക്കുകള്‍ കാണിക്കുന്നു. എന്റെ മകളുടെ ഫോണില്‍ നിന്നും ബുക്ക് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് എന്റെ ഫോണില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ കാണിക്കുന്നത്. അതിന് കാരണമെന്താണ്? നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിക്കാറുണ്ടോ?,” എന്നുള്ളതായിരുന്നു എക്‌സ് പോസ്റ്റ്.
രണ്ട് ഫോണുകളില്‍ നിന്നും ബുക്ക് ചെയ്തപ്പോള്‍ കാണിക്കുന്ന നിരക്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇതോടെ ഒട്ടനവധി ആളുകള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കി രംഗത്തെത്തി. ആന്‍ഡ്രോയിഡ് ഫോണിനെ അപേക്ഷിച്ച് ഐഒഎസ് ഫോണില്‍ പല ഈആപ്പുകളിലും കൂടുതല്‍ നിരക്ക് ഈടാക്കുന്നതായാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
ഈ വിഷയത്തെ വ്യത്യസ്തമായ വിലനിര്‍ണയം എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. കണക്കുക്കൂട്ടലില്‍ സുതാര്യതയും ന്യായവും ഉറപ്പാക്കുന്നതിനായാണ് കമ്പനികളുടെ പ്രതികരണം തേടിയത്.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് യൂബര്‍ രംഗത്തെത്തിയിരുന്നു. നിരവധി ഘടകങ്ങള്‍ വിലയെ സ്വാധീനിക്കുമെന്നാണ് യൂബര്‍ പറയുന്നത്. പിക്ക് അപ്പ് പോയിന്റ്, ഇടിഎ, ഡ്രോപ്പ് ഓഫ് പോയിന്റ് തുടങ്ങിയവയെല്ലാം വിലയെ സ്വാധീനിക്കുന്നുണ്ട്. ഫോണിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തുന്നില്ലെന്നാണ് യൂബര്‍ പറയുന്നത്.