Bird Flue Death: ഒരു കഷ്ണം പച്ചയിറച്ചി കഴിച്ചു; പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു
Andhra Pradesh Bird Flue Infected Child Death: പക്ഷിപ്പനി വൈറസ് ബാധ സംശയിച്ചതിനാൽ മാർച്ച് 15-ന് സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചിരുന്നു. ഐസിഎംആർ മാർച്ച് 24-ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും സ്വാബ് സാമ്പിളുകൾ അയച്ചു

ഞെട്ടിക്കുന്ന വിവരങ്ങളാണ് ആന്ധ്രാപ്രദേശിൽ നിന്നും എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി വൈറസ് ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആറും) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും മരണം എച്ച് 5 എൻ 1 വൈറസിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പച്ച കോഴിയിറച്ചി കഴിച്ചതും രോഗപ്രതിരോധ ശേഷി കുറവായതുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയെന്ന് ടീവി-9 തെലുഗു റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 4-നാണ് നരസറോപേട്ടിൽ നിന്നുള്ള ദമ്പതികളുടെ കുട്ടിയെ പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, മൂക്കൊലിപ്പ്, ബോധക്ഷയം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി മംഗളഗിരിയിലെ എയിംസിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.മാർച്ച് 7-ന് കുട്ടിയുടെ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും എടുത്ത സാമ്പിളുകൾ പരിശോധിച്ചിരുന്നു. \
പക്ഷിപ്പനി വൈറസ് ബാധ സംശയിച്ചതിനാൽ മാർച്ച് 15-ന് സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചിരുന്നു. ഐസിഎംആർ മാർച്ച് 24-ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സ്വാബ് സാമ്പിളുകൾ അയച്ചു. ഈ രണ്ട് ലാബുകളിലെയും സാമ്പിളുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കുട്ടിക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
അതേസമയം,രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകി. മരിച്ച കുട്ടിയുടെ വീടിനു ചുറ്റും ആരോഗ്യ വകുപ്പ് സർവേ നടത്തി. ആർക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ ചിക്കൻ കറി പാചകം ചെയ്യുമ്പോൾ കുട്ടി ഒരു ചെറിയ കഷണം പച്ചമാംസം ചോദിക്കുകയും അത് കഴിച്ചതോടെയാണ് രോഗ ബാധ ഉണ്ടായത്.