Union Carbide Waste : യൂണിയൻ കാർബൈഡ് വിഷമാലിന്യ നിർമാർജനത്തിനെതിരായ പ്രതിഷേധം; സ്വയം തീ കൊളുത്തിയ രണ്ട് പേർ ആശുപത്രിയിൽ
Union Carbide Factory Waste Disposal Protest : ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി വിഷമാലിന്യ നിർമാർജനത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് യുവാക്കൾ സ്വയം തീകൊളുത്തി. മധ്യപ്രദേശിലെ പീതാംപൂരിൽ തീരുമാനിച്ചിരുന്ന വിഷമാലിന്യ നിർമാർജനത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഭവം.
യൂണിയൻ കാർബൈഡ് ഫാക്ടറി വിഷമാലിന്യ നിർമാർജനത്തിനെതിരായ പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ രണ്ട് പേർ ആശുപത്രിയിൽ. മധ്യപ്രദേശിലെ പീതാംപൂരിലാണ് സംഭവം. യൂണിയൻ കാർബൈഡ് ഫാക്ടറി വിഷമാലിന്യം നിർമാർജനം ചെയ്യുന്നതിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് 40 വയസ് തോന്നിയ്ക്കുന്ന രണ്ട് യുവാക്കൾ സ്വയം തീകൊളുത്തിയത്. പീതാംപൂരിൽ ഏകദേശം 1.75 ലക്ഷം ആളുകളാണ് താമസിക്കുന്നത്. 700 ഫാക്ടറികളും ഇവിടെ ഉണ്ട്.
1984ൽ ഭോപ്പാലിലുണ്ടായ വിഷവാതക ദുരന്തത്തിന് ശേഷം ഏതാണ്ട് 300 ടൺ വിഷമാലിന്യമാണ് ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നത്. ഈ മാസം ഒന്നാം തീയതി ബുധനാഴ്ച ഈ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ധർ ജില്ലയിലെ പീതാംപൂരിലെത്തിച്ചു. 12 കണ്ടെയ്നറുകളിലായാണ് വിഷമാലിന്യം ഇവിടെ എത്തിച്ചത്. വെള്ളിയാഴ്ച നിർമാർജനം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ‘പീതാംപൂർ ബച്ചാവോ സമിതി’ എന്ന പേരിൽ പ്രദേശവാദികൾ ഇതിനെതിരെ ഒത്തുകൂടുകയായിരുന്നു. വിഷമാലിന്യ നിർമാർജനത്തിൽ പ്രതിഷേധിച്ച് ഇവർ വെള്ളിയാഴ്ച ഇവിടെ ബന്ദ് പ്രഖ്യാപിച്ചു. പ്രദേശത്തെ കടകൾ അടഞ്ഞുകിടക്കുകയാണ്. ഇങ്ങനെ നിർമാർജനം നടത്തുന്നത് പ്രകൃതിയ്ക്കും പ്രദേശവാസികൾക്കും ദോഷമുണ്ടാക്കുമെന്ന് ആളുകൾ വാദിച്ചു. ഈ ബന്ദിനിടെയാണ് യുവാക്കൾ സ്വയം തീകൊളുത്തിയത്. പെട്രോളോ മണ്ണെണ്ണയോ പോലെ ദ്രാവകം ദേഹത്തൊഴിച്ചാണ് ഇവർ സ്വയം അഗ്നിക്കിരയായത്. തുടർന്ന് ഇവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി. പ്രധാന റോഡ് തടഞ്ഞുള്ള പ്രതിഷേധമാണ് പോലീസ് ലാത്തി ചാർജിലൂടെ പിരിച്ചുവിട്ടത്.
ഇതിനിടെ പരിഭ്രമിക്കാനില്ലെന്ന് ധർ ജില്ലാ കളക്ടർ പ്രിയങ്ക് മിശ്ര പ്രദേശവാസികളോട് പറഞ്ഞു. “യൂണിയൻ കാർബൈഡിൻ്റെ വിഷമാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം നിയമനിർവഹണത്തെ സാരമായി ബാധിച്ചു. പോലീസും മറ്റ് അധികൃതരും പ്രതിഷേധക്കാരെ നിയന്ത്രിക്കുകയാണ്. പ്രദേശവാസികളുടെ സമ്മതത്തോടെയല്ലാതെ ഒരു കാര്യവും തീരുമാനിക്കില്ല. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിബന്ധനകൾ പാലിച്ചുകൊണ്ട് ശാസ്ത്രീയമായാണ് മാലിന്യസംസ്കരണം നടത്തുന്നത്.”- അദ്ദേഹം പ്രതികരിച്ചു.
പീതാൻപൂരിൽ താമസിക്കുന്നവരുടെ അനുവാദമില്ലാതെ യൂണിയൻ കാർബൈഡ് മാലിന്യം നിർമാർജനം ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് ധർ എസ്പി മനോജ് കുമാർ സിംഗ് വ്യക്തമാക്കി. ഈ വിഷയത്തിൽ ഇന്നലെ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. അതുകൊണ്ട് തന്നെ പേടിക്കാനില്ല. ആളുകൾ നിയമം കയ്യിലെടുക്കേണ്ടതില്ല. ആളുകളുടെ ക്ഷേമവും ജീവിതവുമാണ് സർക്കാരിൻ്റെ പ്രധാന മുൻഗണന എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷമാലിന്യം ഭോപ്പാലിൽ തന്നെ നിർമാർജനം ചെയ്യാത്തതെന്തുകൊണ്ടാണെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
1984 ഡിസംബർ 2, 3 തീയതികളിലായി നടന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ 5479 പേരാണ് മരണപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഈ ദുരന്തത്തിന് ശേഷം 40 വർഷമായി വിഷമാലിന്യം ഫാക്ടറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ഹൈക്കോടതി ചോദ്യം ചെയ്തു. 2024 ഡിസംബർ മൂന്നിന് ഈ മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നാല് ആഴ്ചയാണ് ഇതിനായി നൽകിയിരുന്ന സമയം.