Robbery for Kumbh Mela Trip: കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ടുപോകാൻ നാടുമുഴുവൻ കവർച്ച; ഒടുവിൽ പോലീസ് പിടിയിൽ
Kumbh Mela Trip with Girlfriends Case: അന്വേഷണത്തിൽ ഇവർ കവർച്ച നടത്തിയ വീടുകളിലൊന്നിൽ നിന്ന് ഇരുവരുടെയും വിരലടയാളങ്ങൾ ലഭിച്ചു. ശേഷം ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻഡോർ: കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ട് പോകുന്നതിന് വേണ്ടി നാട് മുഴുവൻ കവർച്ച നടത്തി സ്വർണവും പണവും കവർന്ന കേസിൽ യുവാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന നാല് ലക്ഷം രൂപയും സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് പിടികൂടി. ഇൻഡോർ സ്വദേശികളായ അജയ് ശുക്ല, സന്തോഷ് കോറി എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ഇതുവരെ 15 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കാമുകിമാരെയും കൂട്ടി കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് പോകാൻ ആണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. ഇതിന് വേണ്ടി പണം കണ്ടെത്തുന്നതിനായാണ് രണ്ടാഴ്ചയോളം ഇൻഡോറിലെ ദ്വാരകാപുരിയിലെങ്ങും ഇവർ കവർച്ച നടത്തിയത്. വ്യാപകമായി പരാതി ലഭിച്ചതോടെ ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
അന്വേഷണത്തിൽ ഇവർ കവർച്ച നടത്തിയ വീടുകളിലൊന്നിൽ നിന്ന് ഇരുവരുടെയും വിരലടയാളങ്ങൾ ലഭിച്ചു. ശേഷം ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പ്രതികൾ കാമുകിമാരുമായി കുംഭമേളയ്ക്ക് പോയ വിവരം പൊലീസിന് ലഭിക്കുന്നത്.
അവിടെ നിന്ന് ഇവർ മടങ്ങിയെത്തും വരെ കാത്തിരുന്ന പോലീസ് രണ്ടു പേരെയും കൈയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച പണത്തിൽ ഒരു വലിയ ഭാഗവും ഇവർ കാമുകിമാർക്കയാണ് ചെലവഴിച്ചതെന്ന് പോലീസ് കണ്ടെത്തി. ഏഴ് ലക്ഷം രൂപ വില വരുന്ന വസ്തുക്കൾ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.