HMPV Case India: കർണ്ണാടകയിൽ വീണ്ടും എച്ച്എംപിവി; രണ്ട് കുഞ്ഞുങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരുവിലെ ആശുപത്രിയിൽ
HMPV Case Detected in Bengaluru: ചെെനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) തത്സമയം വിവരങ്ങൾ കെെമാറുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത വെെറസ് ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല.
ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടർന്ന് പിടിച്ച എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) രണ്ട് പേർക്ക് സ്ഥിരീകരിച്ചു. ബെംഗളൂരു സ്വദേശികളായ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിക്കും എട്ട് മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് വെെറസ് ബാധ സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഉദ്ധരിച്ചാണ് റിപ്പോർട്ട്. കുട്ടികൾക്ക് വിദേശയാത്രാ പശ്ചാത്തലമില്ല എന്നാണ് വിവരം.
ശ്വാസകോശ സംബന്ധമായ വെെറസുകൾ തിരിച്ചറിയുന്നതിന്റെ ഭാഗമായി ഐസിഎംആർ നിരീക്ഷണത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിൽ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത് കണ്ടെത്തിയത്. ബ്രോങ്കോ ന്യൂമോണിയയെ തുടർന്നാണ് മൂന്ന് വയസുകാരിയെ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എച്ച്എംപിവി സ്ഥിരീകരിക്കുകയായിരുന്നു. ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബ്രോങ്കോ ന്യൂമോണിയയെ തുടർന്നാണ് 8 വയസുകരാനെയും ജനുവരി 3-ന് ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഉടൻ രോഗം ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. കുട്ടികൾക്ക് വിദേശയാത്ര പശ്ചാത്തലമില്ലാതിരുന്നിട്ടും രോഗം സ്ഥിരീകരിച്ചതിനാൽ ജാഗ്രത കെെവിടരുതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിുപ്പിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. എച്ച്എംപിവി വൈറസിനെ നേരിടാൻ രാജ്യം സജ്ജമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾ തണ്ണുപ്പു കാലത്ത് റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമ, പനി, തുമ്മൽ, ജലദോഷം തുടങ്ങി രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
ചെെനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) തത്സമയം വിവരങ്ങൾ കെെമാറുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം, രാജ്യത്ത് റിപ്പോർട്ട് ചെയ്ത വെെറസ് ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. വാർത്താ ഏജൻസികളാണ് ചെെനയിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന വാർത്തകളോട് പ്രതികരിക്കാൻ ചെെനീസ് ഭരണകൂടം ഇതുവരെയും തയ്യാറായിട്ടില്ല. എച്ച്എംപിവി വൈറസ് കുട്ടികളെയും പ്രായമുള്ളവരെയുമാണ് ബാധിക്കുന്നതെന്നാണ് വിവരം.