Chhattisgarh Maoists Arrest: 19 നും 45 നും ഇടയിൽ പ്രായം, കയ്യിൽ മാരക വസ്തുക്കൾ; ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ
Chhattisgarh Bijapur Maoists Arrest: കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിലെ പ്രധാനികളെ കീഴ്പ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് കൊല്ലപ്പെട്ടത്.

ബീജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്ന് 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജില്ലയിലെ ടെക്മെൽട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് 22 പേരടങ്ങുന്ന സംഘം പിടിയിലായത്. ഇവരിൽ നിന്ന് മാരകമായ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയവരിൽ 19 നും 45 നുമിടയിൽ പ്രായമുള്ളവരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിലെ പ്രധാനികളെ കീഴ്പ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. 13 ലക്ഷം രൂപയാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിട്ടുണ്ടായിരുന്നത്. ഹൽദാറിൻറെ തലയ്ക്ക് എട്ടുലക്ഷം രൂപയും റാമെയുടെ തലയ്ക്ക് 5 ലക്ഷം രൂപയുമാണ് വില നിശ്ചിയിച്ചിരുന്നത്.
കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവർ ചേർന്ന് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുധനാഴ്ച രണ്ടുപേരെ വധിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. ഇവരിൽ നിന്ന് എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളും മറ്റ് മാരക സ്ഫോടക വസ്തുക്കളും സേന കണ്ടെടുത്തിയിട്ടുണ്ട്. ഈ വർഷം ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ ആകെ 140 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 123 പേരെ നാരായൺപൂർ, കൊണ്ടഗാവ് എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നാണ് കൊലപെടുത്തിയത്.