Trouble for BJP govt in Haryana: മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാരിന് പ്രതിസന്ധി
കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എം എല്‍ എ മാരുടെ എണ്ണം 34 ആയി കൂടിയിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപിയുടെ നില പരുങ്ങലിലായി.
ന്യൂഡൽഹി: ഹരിയാന രാഷ്ട്രീയത്തിൽ വെല്ലുവിളികൾ ഉയരുന്നു. തിരിച്ചടി നേരിടുന്നത് ബി ജെ പി സര്‍ക്കാരാണ്. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എം എല്‍ എ മാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞതായാണ് റിപ്പോർട്ട്.
ജെജെ പി വിമതരുടെ പിന്തുണയോടെയാണ് ഇവിടെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതു തന്നെ. ബി ജെ പി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻറെയും നേതൃത്വത്തിലാണ് സംഭവങ്ങൾ അരങ്ങേറുന്നത്.
ഇവരുടെ നേതൃത്വത്തിൽ ആണ് എം എല്‍ എ മാർ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എം എല്‍ എ മാരുടെ എണ്ണം 34 ആയി കൂടിയിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപിയുടെ നില പരുങ്ങലിലായി. സര്‍ക്കാരിന്‍റെ ഭൂരിപക്ഷവും ഇതോടെ നഷ്ടമായിട്ടുണ്ട്. എം എല്‍ എമാരുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ സര്‍ക്കാരിന് ഭരണത്തില്‍ തുടരാൻ കഴിയില്ല.
അതിനാല്‍ തന്നെ ഇനിയുള്ള നീക്കവും ബി ജെ പി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിലനിൽപിനുള്ള ചുവടു വയ്പായിരിക്കണം. നിലവിലെ സംഭവങ്ങളോടെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് ജനമനസ്സ് എന്തെന്ന് വ്യക്തമായെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. സ്വതന്ത്ര എം എല്‍ എ മാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബി ജെ പി സർക്കാരിന് അധികാരത്തില്‍ തുടരാൻ അർഹതയില്ലെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.
കോൺഗ്രസിനെ പിന്തുണക്കുകയും ബി ജെ പിയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്ത സ്വതന്ത്ര എം എല്‍ എ മാരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സര്‍ക്കാരിനെ ഹരിയാനയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ വ്യക്തമാക്കി.
ഒപ്പം ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി പറ‍്ഞിട്ടുണ്ട്. ഇവിടെ ജനങ്ങളുടെ ആഗ്രഹങ്ങളല്ല നിറവേറ്റുന്നത് മറിച്ച് മറ്റു ചിലരുടെ ആഗ്രഹങ്ങള്‍ മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ ഭൂരിപക്ഷം 46 ആണ്.