Trinamool Councilor Murder Attempt: തൃണമൂൽ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; വെടി പൊട്ടിയില്ല, ദൃശ്യങ്ങൾ പുറത്ത്
Trinamool Councilor Escapes Murder Attempt: കസബ ഏരിയയിലുള്ള തന്റെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന സുശാന്ത് ഘോഷിനെ, ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങിവന്നു വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു.
കൊൽക്കത്ത: കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ വധശ്രമം. ക്വട്ടേഷൻ എടുത്ത വ്യക്തിയുടെ തോക്ക് തകരാറിലായതിനെ തുടർന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി കൊൽക്കത്തയിലെ കസബ ഏരിയയിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ 108-ആം വാർഡ് കൗൺസിലർ സുശാന്ത് ഘോഷിനെതിരെയാണ് വധശ്രമം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കസബ ഏരിയയിലുള്ള തന്റെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന സുശാന്ത് ഘോഷിനെ, ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങിവന്നു വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു തവണ വെടിയുതിർക്കാൻ നോക്കിയെങ്കിലും തോക്ക് പ്രവർത്തിച്ചില്ല. വെടിവെക്കാൻ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ സുശാന്ത് കുറ്റവാളിയെ പിടികൂടാനുള്ള ശ്രമം നടത്തി. വെടിയുതിർക്കാൻ ശ്രമിച്ച ആളോടപ്പം വന്നയാൾ ബൈക്കിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഇയാൾക്കടുത്തേക്ക് ഓടി ബൈക്കിൽ കയറി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും കാൽ തെന്നി വീണു. ഇതോടെ പ്രതിയെ നാട്ടുകാരെല്ലാവരും ചേർന്ന് പിടികൂടി മർദിച്ചു. അതിനു പുറമെ, ക്വട്ടേഷൻ നൽകിയതാരെന്ന് പ്രതിയെ കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പറയിപ്പിക്കുകയും ചെയ്തു.
WATCH: CCTV catches failed murder attempt on TMC councillor in Kolkata#TMC #SushantGhosh #CCTV #viralvideo #murderattempt #Kolkata #WestBengal #TrinamoolCongress
— The Theorist (@thetheorist_in) November 16, 2024
READ MORE: യുപിയിൽ ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം
കൃത്യം നടത്താനായി തനിക്ക് പണമൊന്നും നൽകിയിട്ടില്ലെന്നും, ചിത്രം കാണിച്ചുതന്ന് കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിന്നീട്, പ്രതിയെ പൊലീസിന് കൈമാറി. കൗൺസിലറെ കൊല്ലാനുള്ള ക്വട്ടേഷൻ ബിഹാറിൽ നിന്നുമാണെന്ന് പോലീസ് കണ്ടെത്തി. പ്രാദേശികമായി ഉണ്ടായ ചില പ്രശ്ങ്ങൾ കൊണ്ടുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, ഇത് സംബന്ധിച്ച സൂചനകൾ ഒന്നും തനിക്ക് കിട്ടിയിരുന്നില്ലെന്ന് സുശാന്ത് ഘോഷ് വ്യക്തമാക്കി. 12 വർഷമായി താൻ ഇവിടെ കൗൺസിലറായി പ്രവർത്തിച്ചു വരുന്നുവെന്നും, അക്രമിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് മുന്നിൽ ഇരുന്നതും ഇതേകുറിച്ച് സൂചനകൾ ഒന്നും ഇല്ലാതിരുന്നതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രാദേശിക എംപി മാല റോയ്, എംഎൽഎ ജാവേദ് ഖാൻ എന്നിവർ കൗൺസിലറെ സന്ദർശിച്ചു.