Tirupati Laddu: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും, മീനെണ്ണയും; ലാബ് റിപ്പോർട്ട് പുറത്ത്

Lab Report Found Lard Tallow in Ghee Used for Making Tirupati Ladu: തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്ളതായി പരിശോധനയിൽ കണ്ടെത്തി.

Tirupati Laddu: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും, മീനെണ്ണയും; ലാബ് റിപ്പോർട്ട് പുറത്ത്

തിരുപ്പതി ലഡു (Social Media Image)

Updated On: 

20 Sep 2024 00:13 AM

ഹൈദരാബാദ്: തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്ത്. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്.

ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) നടത്തിയ പരിശോധനയിലാണ് സംഭവം സ്ഥിതീകരിച്ചത്. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലായിരുന്ന കാലത്തെ ലഡുവാണ് പരിശോധിച്ചത്.

അതെ സമയം, തിരുപ്പതി ലഡു ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നതെന്നും, വൈഎസ്ആർ സർക്കാർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രംഗത്ത് വന്നത്. അമരാവതിയിൽ വെച്ച് നടന്ന നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം ഏറ്റവും പവിത്രമായ ക്ഷേത്രമാണെന്നും, ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ജഗൻ മോഹൻ റെഡ്‌ഡി ഭരണകൂടത്തിന് കോടിക്കണക്കിന് ഭക്തജനങ്ങളുടെ മതവികാരം മാനിക്കാൻ സാധിച്ചില്ലെന്ന് നായിഡു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, നായിഡുവിന്റെ ആരോപണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വൈഎസ്ആർസിപി രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി എന്ത് മോശം കാര്യവും ചെയ്യാൻ മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡുവെന്ന് വൈഎസ്ആർസിപിയുടെ വൈവി സുബ്ബ റെഡ്‌ഡി പ്രതികരിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.

തിരുപ്പതി ക്ഷേത്രത്തിൽ നിന്നും ദിവസേന വിറ്റഴിക്കുന്നത് മൂന്നര ലക്ഷത്തോളം ലഡുകളാണ്. ലഡു ഉണ്ടാക്കുന്നതിനായുള്ള നെയ്യ്, ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോൾ ഇ-ടെൻഡർ വഴി വലിയ തോതിൽ വാങ്ങുകയാണ് പതിവ്. 1715 ഓഗസ്റ്റ് 2 മുതലാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി ലഡു നൽകുന്ന രീതി ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്