5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു

Borewell Accident In Rajasthan : തിങ്കളാഴ്ച ജില്ലാ കളക്ടർ കൽപ്പന അഗർവാൾ പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളികളെക്കുറിച്ച് കളക്ടര്‍ കുടുംബത്തോട് വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെ നിയോഗിച്ചതായും, എന്നാല്‍ സാഹചര്യം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും കളക്ടര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു

Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
രക്ഷാപ്രവര്‍ത്തനം Image Credit source: PTI
jayadevan-am
Jayadevan AM | Published: 01 Jan 2025 23:05 PM

ജയ്പുര്‍: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ നിന്നും രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. 10 ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ചേത്‌ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. രാജസ്ഥാനിലെ കോട്‌പുട്ട്‌ലി – ബെഹ്‌റോർ ജില്ലയിലെ കിരാത്പൂർ ഗ്രാമത്തിലാണ്‌ അപകടമുണ്ടായത്. . ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുഴല്‍ക്കിണറിന്റെ 150 അടിയോളം താഴ്ചയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യം രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായി. കുഴല്‍ക്കിണറിന് ചുറ്റുമുള്ള മണ്ണായിരുന്നു രക്ഷാപ്രവര്‍ത്തനത്തിലെ ഒരു വെല്ലുവിളി. കുഴല്‍ക്കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളിയെന്ന് എസ്ഡിആര്‍എഫ് സബ് ഇൻസ്‌പെക്ടർ രവി കുമാർ അന്ന് വ്യക്തമാക്കിയിരുന്നു.

പിന്നീട് പ്രത്യേക ഉപകരണങ്ങളടക്കം എത്തിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം നീണ്ടു. മെഡിക്കല്‍ സംഘത്തെയും സ്ഥലത്ത് നിയോഗിച്ചിരുന്നു. വെല്ലുവിളികള്‍ക്കിടയിലും കുഞ്ഞിനെ രക്ഷപ്പെടുത്താമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലമാക്കി കുഞ്ഞ് മരണത്തിന് കീഴടങ്ങി.

പിതാവിൻ്റെ കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. ഓക്‌സിജൻ പൈപ്പും കുഴൽക്കിണറിലേക്ക് എത്തിച്ചിരുന്നു. സമീപത്ത് കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. മണ്ണിലെ ഈര്‍പ്പമായിരുന്നു ഈ പരിശ്രമത്തിന് തടസമായത്.

Read Also : 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം;കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു

പെണ്‍കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തില്‍ ചലനമില്ലായിരുന്നുവെന്ന് എൻഡിആർഎഫ് ടീം ഇൻചാർജ് യോഗേഷ് മീണ പറഞ്ഞു. എൻഡിആർഎഫിൻ്റെയും എസ്‌ഡിആർഎഫിൻ്റെയും റെസ്‌ക്യൂ ടീമുകൾ തിങ്കളാഴ്ച വരെ കുട്ടിയുടെ അടുത്തെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പാറകളുടെ അവശിഷ്ടങ്ങള്‍ ഡ്രില്ലിങ് പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കി.

തിങ്കളാഴ്ച ജില്ലാ കളക്ടർ കൽപ്പന അഗർവാൾ പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളികളെക്കുറിച്ച് കളക്ടര്‍ കുടുംബത്തോട് വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെ നിയോഗിച്ചതായും, എന്നാല്‍ സാഹചര്യം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും കളക്ടര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.

ആദ്യം കയറില്‍ ഘടിപ്പിച്ച അയണ്‍ റിങ് ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. രണ്ട് ദിവസം നിരന്തരമായി പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പൈലിങ് മെഷീന്‍ സ്ഥലത്തെത്തിക്കുകയും സമാന്തരമായി കുഴിയെടുക്കുകയും ചെയ്തു.

മകളെ രക്ഷിക്കണമെന്ന് കൂപ്പുകൈകളോടെ മാതാവ് ധോലി ദേവി അപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മകള്‍ വിശപ്പും ദാഹവും അനുഭവിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത് കളക്ടറുടെ കുട്ടിയായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്നും, ഇത്രയും നേരം കുട്ടിയെ അവിടെ നില്‍ക്കാന്‍ അനുവദിക്കുമായിരുന്നോയെന്നും പെണ്‍കുട്ടിയുടെ അമ്മ ചോദിച്ചു. മകളെ എത്രയും വേഗം പുറത്തെത്തിക്കണമെന്നായിരുന്നു ഇവരുടെ അപേക്ഷ.