Tahawwur Rana Extradition: ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യം; തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി
Tahawwur Rana Extradition: 2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം. ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജുത കേന്ദ്രം എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.

വാഷിങ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയണമെന്ന് ആവശ്യപ്പെട്ടുള്ള റാണയുടെ അപേക്ഷയാണ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളിയത്.
നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് 64 കാരനായ റാണയെ പാർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ അടിയന്തര അപേക്ഷ സമർപ്പിച്ചു. എന്നാൽ മാർച്ചിൽ സുപ്രീം കോടതി റാണയുടെ ഹർജി തള്ളി. ഇതേത്തുടർന്ന്, ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണ തന്റെ അടിയന്തര അപേക്ഷ പുതുക്കി നൽകുകയായിരുന്നു.
2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം. ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജുത കേന്ദ്രം എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.
റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. 2011 ൽ തഹാവൂർ റാണയെ ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും ചെയ്ത് നൽകിയെന്നാണ് കുറ്റം. 2018 ഓഗസ്റ്റിൽ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കനേഡിയൻ പൗരത്വമുള്ള തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്.