Kolkata Doctor Rape-Murder : കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കും
The Supreme Court took up the case voluntarily : ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ 10.30ന് കേസ് പരിഗണിക്കുന്നത്.
ന്യൂഡൽഹി: ആഗസ്റ്റ് 9 ന് ആർജി മെഡിക്കൽ കോളേജിലും ആശുപത്രിയിലും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ 10.30ന് കേസ് പരിഗണിക്കുന്നത്. അന്വേഷണത്തിൻ്റെ നിജസ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ച് കൽക്കട്ട ഹൈക്കോടതി കേസ് ഇതിനകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് (സിബിഐ) കൈമാറി.
കൊൽക്കത്തയിൽ യുവ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ പോലീസിന് നൽകിയ സമയപരിധി കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെ മെഡിക്കൽ കോളേജിലും ആശുപത്രിയിലും 5000-7000 പേരടങ്ങുന്ന സംഘം അക്രമം അഴിച്ചുവിട്ട സംഭവവുമുണ്ടായിരുന്നു.
ALSO READ – കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന; ആശുപത്രി പരിസരത്ത് നിരോധനാജ്ഞ
കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനിടയായ സംഭവത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നശീകരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനത്തിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോടതി പറഞ്ഞു.
ആഗസ്റ്റ് 9 ന് നടന്ന സംഭവത്തെത്തുടർന്ന് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ജോലിസ്ഥലത്ത് ക്ഷേമം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ പ്രൊഫഷണലുകൾ പ്രതിഷേധിച്ചിരുന്നു. ഇരയായ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി 36 മണിക്കൂർ നീണ്ട ഷിഫ്റ്റിനു ശേഷമാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ക്രൂരമായി കൊല്ലപ്പെട്ടത്.
ജോലിക്കിടെ തുടർച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങൾ ചൂണ്ടികാണിച്ച് സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പ്രതിഷേധ സമരത്തിലാണ്.