വസ്തുത തീരുമാനിക്കുന്നത് ആന്റണി അല്ല; ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതാണോ പ്രശ്‌നം: സുപ്രിംകോടതി
സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്. കേസില്‍ പുനരന്വേഷണത്തിനെതിരായ രാജുവിന്റെ ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആന്റണി രാജുവിനെ പരിഹസിച്ച് സുപ്രീംകോടതി. തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന് ആന്റണി രാജു കോടതിയില്‍ പറഞ്ഞും. എന്നാല്‍ കേസില്‍ ആദ്യം പ്രതിക്കൊപ്പമായിരുന്ന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റിയതല്ലെ പ്രശ്‌നമായതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്റണി രാജുവിന്റെ ഹരജി പരിഗണിച്ചത്.
വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവല്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ പിഴവ് ചൂണ്ടിക്കാട്ടിയതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നതാണ് കേസ്. ഈ ആരോപണം ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതില്‍ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്. കേസില്‍ പുനരന്വേഷണത്തിനെതിരായ രാജുവിന്റെ ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റുകയായിരുന്നു. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈക്കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള ആരോപണം.
മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമാകാതായതോടെ പ്രതിയെ വെറുതെവിടുകയും ചെയ്തിരുന്നു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.