Telugu Language: തമിഴ്‌നാടിന് പിന്നാലെ ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും; സ്‌കൂളുകളിൽ തെലുങ്ക് നിർബന്ധമാക്കി സർക്കാർ
Telangana Language Row: 2018 മാർച്ച് 30ന് പാസാക്കിയ തെലങ്കാന (കംപൽസറി ടീച്ചിങ് ആൻഡ് ലേണിങ് ഓഫ് തെലുഗു ഇൻ സ്‌കൂൾസ്) ആക്ട് നടപ്പാക്കാനാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും സർക്കാർ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങൾ നിർബന്ധമാക്കുന്നതാണ്.

ഹൈദരാബാദ്: ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും. സംസ്ഥാനത്തെ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിർബന്ധമാക്കി സർക്കാർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് സർക്കാർശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് തെലങ്കാനയുടെ നീക്കം.
2018 മാർച്ച് 30ന് പാസാക്കിയ തെലങ്കാന (കംപൽസറി ടീച്ചിങ് ആൻഡ് ലേണിങ് ഓഫ് തെലുഗു ഇൻ സ്‌കൂൾസ്) ആക്ട് നടപ്പാക്കാനാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും സർക്കാർ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങൾ നിർബന്ധമാക്കുന്നതാണ്.
കൂടാതെ തെലുങ്ക് പഠനം എളുപ്പമാക്കുന്നതിനായി, സിബിഎസ്ഇയിലെയും മറ്റ് ബോർഡ് അഫിലിയേറ്റഡ് സ്കൂളുകളിലെയും 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ‘സിംഗിഡി’ക്ക് പകരം ‘വെന്നേല’ എന്ന ലളിതമായ പാഠപുസ്തകം ഉപയോഗിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അംഗീകാരം നൽകിയിട്ടുണ്ട്. തെലുങ്ക് മാതൃഭാഷയല്ലാത്തതോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുന്ന് വന്നതോ ആയ വിദ്യാർത്ഥികൾക്കും ഇത് ഗുണം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിൽ വിശദമാക്കിയിട്ടുള്ള ത്രിഭാഷാ നയത്തെച്ചൊല്ലി അയൽ സംസ്ഥാനമായ തമിഴ്‌നാടും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിൽ ‘ഭാഷാ യുദ്ധം’ നടക്കുന്ന സാഹചര്യത്തിലാണ് തെലങ്കാനയുടെ അപ്രതീക്ഷിത ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയും താനും ഉള്ളിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തെ ജനങ്ങളെയും ദ്രോഹകിക്കുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു.