Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Teenager Girl Gang Raped in Faridabad: അനുജനെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി തന്റെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഫരീദാബാദ്: ഭിക്ഷ യാചിച്ചെത്തിയ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഫരീദാബാദിലാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിന് വിധേയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചു.
കുടുംബം നോക്കാനായാണ് പതിനാറുകാരിയായ പെൺകുട്ടി ഭിക്ഷാടനത്തിന് ഇറങ്ങിയത്. റോഡരികിൽ ഭിക്ഷ യാചിക്കാൻ ഇരിക്കുന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ ഭക്ഷണം വാങ്ങി കൊടുത്തിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കേസിലെ മുഖ്യ പ്രതി. ഇടയ്ക്കിടെ ഭക്ഷണം വാങ്ങി നൽകി പെൺകുട്ടിയുമായി പരിചയം സ്ഥാപിക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പോലീസ് പറയുന്നു. തന്റെ ഇളയ സഹോദരനെ കാണാത്തതിനെ തുടർന്ന് കേസിലെ മുഖ്യ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറോട് പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
അനുജനെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി തന്റെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ സുഹൃത്തിന്റെ മുറിയിൽ എത്തിച്ച് ഇരുവരും ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ തന്നെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.
അതേസമയം, അയൽവാസിയായ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. ചായയും ഭക്ഷണവും വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയായിരുന്നു പീഡനം. എന്നാൽ പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞതോടെ വീട്ടിലെത്തി ബലമായി പപ്പായ കഴിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭച്ഛിദ്രത്തിന് ശ്രമിച്ച കാര്യം പുറത്തറിഞ്ഞത്.
വിവരം അറിഞ്ഞയുടൻ ആശുപത്രി അധികൃതർ ചൈൽഡ് ഹെല്പ് ലൈനിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഡ്രൈവർ ജസ്വന്ത്, സുഹൃത്ത് സുൽത്താൻ, അയൽവാസിയായ ഡ്രൈവർ സിഖന്ദർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.