Heavy rain in Tamil Nadu: കനത്ത മഴ; കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം, 17 കാരൻ ഒഴുക്കിൽപ്പെട്ടു
തിരുനെൽവേലി സ്വദേശിയും പതിനേഴ്കാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു.
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശിയിൽ കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായാണ് വെള്ളച്ചാട്ടത്തിൽ പ്രളയം രൂപപ്പെട്ടത്. ശക്തമായ ഒഴുക്കിനെ തുടർന്ന് ഒരു വിദ്യാർത്ഥിയെ കാണാതായി.
തിരുനെൽവേലി സ്വദേശിയും പതിനേഴ്കാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Flash flood in Old Courtallam Falls. A boy is reportedly missing. pic.twitter.com/cEjOk3pZHE
— Thinakaran Rajamani (@thinak_) May 17, 2024
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതേസമയം തമിഴ്നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴ തുടരുന്നു. മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടർ അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ ഊട്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
തമിഴ്നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. അതിനാൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാലവർഷം മെയ് 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേർന്നേക്കും.
മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായും തെക്കൻ തമിഴ്നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു എന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം പ്രഖ്യാപിച്ചിരുന്നു. 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.