Teachers’ Day 2024: എന്തുകൊണ്ടാണ് അധ്യാപക ദിനം ഈ ദിവസം തന്നെ ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം
Teachers' Day 2024: അധ്യാപകർ രാജ്യത്തെ മികച്ച മനസ്സുകളായിരിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു സമൂഹത്തെ മുഴുവൻ വാർത്തെടുക്കുന്നതിൽ, ബാല്യകൗമാര കാലത്തെ കുട്ടികളുടെ ചാപല്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ നേർവഴിക്ക് നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അധ്യാപകർ കൂടിയാണ്.
രാജ്യത്ത് അധ്യാപക ദിനം ആഘോഷിക്കുന്നത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്തുകൊണ്ടാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്ക് ആറിയാമോ? തങ്ങളുടെ ഉദാത്തമായ സേവനങ്ങൾ കൊണ്ടും ഇടപെടൽ കൊണ്ടും വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്‌തുതിക്കാനും ഓർക്കാനുമാണ് ഈ ദിവസം നമ്മൾ ആഘോഷിക്കുന്നത്.
ഒരു സമൂഹത്തെ മുഴുവൻ വാർത്തെടുക്കുന്നതിൽ, ബാല്യകൗമാര കാലത്തെ കുട്ടികളുടെ ചാപല്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ നേർവഴിക്ക് നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അധ്യാപകർ കൂടിയാണ്. മാതാ പിതാ ഗുരു ദൈവം എന്നൊരു രീതിയും നമ്മുടെ നാട്ടിലുണ്ട്. മാതാവും പിതാവും കഴിഞ്ഞാൽ അധ്യാപകരാണ് അതും കഴിഞ്ഞെ ദൈവമൂള്ളൂ. എങ്കിലും പലപ്പോഴും വേണ്ടത്ര അംഗീകാരങ്ങൾ അവർക്ക് കിട്ടാറില്ലെന്നതും സത്യമാണ്. വാർത്തകളിലൂടെയും ചില സാഹചര്യങ്ങളിലും നാം അത് കാണാറുമുണ്ട്.
ഇന്ന് വിദ്യവ്യാസം കച്ചവടമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ അധ്യാപകർക്കോ വിദ്യാലയങ്ങൾക്കോ പഴയതു പോലെയുള്ള യാതൊരു പരിഗണനയും ലഭിക്കാറില്ല. അധ്യാപനം എന്നത് വെറുമൊരു ജോലി അല്ലെന്നും അത് ഒരു സമൂഹത്തെ വളർത്തിയെടുക്കുന്ന അഭ്യാസമാണെന്നും തിരിച്ചറിയേണ്ട കാലമായിരിക്കുന്നു. ഇത് ഓർമ്മപ്പെടുത്തുന്നതിന് കൂടിയാണ് ഇന്നും ഈ ദിവസം ആചരിക്കുന്നത്.
എന്നാൽ നമ്മുടെ രാജ്യത്ത് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കുന്നതിന് പിന്നിൽ വലിയൊരു കാരണം കൂടിയുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു അധ്യാപകന്റെ മഹത്തായ ഓർമ്മയ്ക്ക് വേണ്ടിയാണു ഈ ദിവസം നാം രാജ്യമെമ്പാടും അധ്യാപക ദിനം എന്ന പേരിൽ കൊണ്ടാടുന്നത്. ആരായിരുന്നു ആ വലിയ മനുഷ്യൻ എന്നറിയേണ്ടേ? എന്തായിരുന്നു അദ്ദേഹം ഈ ലോകത്തിന് നൽകിയ സംഭാവനകൾ?
ALSO READ: സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുന്നതെന്തിന്?
ഡോ. എസ് രാധാകൃഷ്‌ണൻ
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും അതിലുപരി മികച്ചൊരു അധ്യാപകനും കൂടിയായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ. അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകളും നേട്ടങ്ങളും മാനിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. 1888 സെപ്റ്റംബർ അഞ്ചിന് ജനിച്ച ഡോ. എസ് രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്‌ഠിച്ചിരുന്നു, അതിന് പുറമെ ഒരു പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന അവാർഡ് ജേതാവുമായിരുന്നു അദ്ദേഹം.
ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെയാണ് പൂർത്തിയാക്കിയതെന്നത് ശ്രദ്ധേയമാണ്. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെയും, 1939ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെയും വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു.
തന്റെ ജീവിതത്തിലുടനീളം, ഡോ. എസ് രാധാകൃഷ്‌ണൻ ഒരു മിടുക്കനായ വിദ്യാർത്ഥിയും അതിലേറെ തന്റെ ശിഷ്യർക്ക് പ്രിയപ്പെട്ട ഒരു അധ്യാപകനായും നിലകൊണ്ടു. 1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിക്കുന്നത്.
എന്നാൽ സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയെ ആദരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള പങ്കിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പിന്നീട് ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
1954ൽ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സാഹിത്യത്തിന് 16 തവണ, സമാധാനത്തിന് 11 എന്നിങ്ങനെ 27 പ്രാവശ്യം നൊബേൽ സമ്മാനത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ടെബിൾടൺ പ്രൈസ്, ഓർഡർ ഓഫ് മെറിറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഫിലോസഫി, ദ ഫിലോസഫി ഓഫ് ദ ഉപനിഷത്ത്സ്, ഈസ്റ്റേൺ റിലീജിയൻസ് ആന്റ് വെസ്റ്റേൺ തോട്ട്സ് തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അധ്യാപകർ രാജ്യത്തെ മികച്ച മനസ്സുകളായിരിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 1975 ഏപ്രിൽ 17ന് ചെന്നെയിൽ വച്ച് അദ്ദേഹം അന്തരിച്ചു.