TamilNadu Fire Accident: സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 മരണം
TamilNadu Dindigul Hospital Fire Accident: രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സും ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 100ലധികം രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയാണിത്. തീപിടിത്തം ഉണ്ടായപ്പോൾ നിരവധി ആളുകൾ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം.
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തത്തിൽ ഏഴ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായിരിക്കുന്നത്. മൂന്ന വയസുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. മരിച്ച ഏഴുപേരിൽ മൂന്നു പേർ സ്ത്രീകളാണ്. ആറ് രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയതായും വിവരമുണ്ട്.
രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സും ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 100ലധികം രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയാണിത്. തീപിടിത്തം ഉണ്ടായപ്പോൾ നിരവധി ആളുകൾ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം. ആശുപത്രിയ്ക്കുള്ളിൽ കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
നാലു നിലകളിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഇതിൻ്റെ താഴത്തെ നിലയിലാണ് ആദ്യം തീ പടർന്ന് പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല. പിന്നീട് താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലത്തെ നിലയിലേക്ക് ഉയരുകയായിരുന്നു. ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ 20 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് നിലവിൽ പുരോഗമിക്കുന്നത്.