Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
Tamil Nadu Girl Students Cleaning Toilets: സംഭവത്തിൽ വൻ ജനരോക്ഷമാണ് ഉയർന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ രക്ഷിതാക്കളും പ്രദേശവാസികളും പ്രതിഷേധവുമായി സ്കൂളിൽ തടിച്ചുകൂടി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ചെന്നൈ: സ്കൂൾ വിദ്യാർഥിനികൾ ശുചിമുറി വൃത്തിയാക്കുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിൽ പലക്കോട് ഗ്രാമത്തിലാണ് സംഭവം. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലായി നൂറ്റമ്പതിലേറെ ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച പെൺകുട്ടികൾ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇതിനു പിന്നാലെ വൻ ജനരോക്ഷമാണ് ഉയർന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ രക്ഷിതാക്കളും പ്രദേശവാസികളും പ്രതിഷേധവുമായി സ്കൂളിൽ തടിച്ചുകൂടി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ശുചിമുറി വൃത്തിയാക്കൽ, പരിസരം തൂത്തുവാരൽ, വെള്ളമെടുക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രധാനാധ്യാപികയാണ് പെൺകുട്ടികളോട് പറഞ്ഞതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. പ്രധാനാധ്യാപികയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. തുടർന്നു മുഖ്യ വിദ്യാഭ്യാസ ഓഫിസർ (സിഇഒ) അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തത്.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ മേൽ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മേൽ, ഇത്തരം ജോലികൾ ഒരിക്കലും അടിച്ചേൽപ്പിക്കരുതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇത്തരം ജോലികൾ സ്ഥിരമായി ചെയ്യിപ്പിക്കുന്നതിനാൽ കുട്ടികൾ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലേക്ക് മടങ്ങാറുള്ളതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.