Tamil Nadu: 10 വർഷങ്ങൾക്ക് ശേഷം കോടതിയ്ക്ക് മുന്നിലെത്തി അതിജീവിത; പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്
Assault Survivor Testifies After 10 Years: 10 വർഷങ്ങൾക്ക് ശേഷം ബലാത്സംഗക്കേസിൽ കോടതിയ്ക്ക് മുന്നിലെത്തി മൊഴിനൽകി അതിജീവിത. ഇതോടെ പോക്സോ കേസ് പ്രതിയ്ക്ക് കോടതി ആജീവനാന്ത തടവ് വിധിച്ചു.

പത്ത് വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്. 12ആം വയസിൽ തന്നെ പീഡിപ്പിച്ചയാൾക്കെതിരെ 10 വർഷങ്ങൾക്ക് ശേഷം അതിജീവിത കോടയുടെ മുന്നിൽ മൊഴിനൽകുകയായിരുന്നു. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് അതിജീവിത മൊഴിനൽകിയത്. ഇതോടെ പ്രതിക്കെതിരെ ജീവപര്യന്തം തടവ് വിധിച്ചു.
2015ലാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ചെന്നൈയിൽ പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടുടമയുടെ മകളുടെ ഭർത്താവായിരുന്നു അബ്ബാസ് അലി. 2025 ഫെബ്രുവരി ഏഴിന് അന്ന് 12 വയസുകാരിയായിരുന്ന പെൺകുട്ടിയെ ഇയാൾ ദിണ്ടിഗലിലേക്ക് തട്ടിക്കൊണ്ട് പോയി. ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അബ്ബാസ് അലി കുട്ടിയെ ഉപേക്ഷിച്ചു.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ കണ്ടെത്തുകയും അലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ആ സമയത്ത് അതിജീവിതയും കുടുംബവും വീട് മാറി ഒരു കുഗ്രാമത്തിലേക്ക് താമസം മാറ്റി. പീഡനാനുഭവം കുടുംബത്തെ തകർത്തുകളഞ്ഞിരുന്നു. വീണ്ടും ഉപദ്രവിക്കുമോ എന്ന ഭയം കാരണമാണ് നഗരത്തിൽ നിന്ന് ഇവർ ഗ്രാമത്തിലേക്ക് പോയത്. കുടുംബം പുതിയ ഐഡൻ്റിറ്റികൾ സ്വീകരിച്ചു. അതിജീവിത സ്കൂൾ പഠനം ഉപേക്ഷിച്ചു. അക്രമത്തിന് ശേഷം ഒരിക്കലും ഇവർക്ക് സാധാരണ ജീവിതം ജീവിക്കാൻ കഴിഞ്ഞിട്ടില്ല.
അടുത്തിടെയാണ് അധികൃതർ അതിജീവിതയെയും കുടുംബത്തെയും കണ്ടെത്തിയത്. തുടർന്ന് ഇവരെ പോക്സോ സ്പെഷ്യൽ കോടതിയിലെത്തിച്ചു. ഇവിടെ വച്ചാണ് അതിജീവിത ഇക്കാര്യങ്ങളൊക്കെ അറിയിച്ചത്. പ്രതിയായ അബ്ബാസ് അലി ഇപ്പോൾ 51 വയസുകാരനാണ്. തട്ടിക്കൊണ്ടുപോകലിന് 10 വർഷവും പോക്സോ കേസിൽ ആജീവനാന്ത തടവുമാണ് കോടതി വിധിച്ചത്. 25,000 രൂപ പിഴയും പ്രതിയ്ക്ക് വിധിച്ചു. കോടതി വിധി വന്ന് 30 ദിവസത്തിനകം അതിജീവിതയ്ക്കും കുടുംബത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.