Supreme Court: ‘കുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല’; അലഹാബാദ് ഹൈക്കോടതി ഉത്തരവിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
Supreme Court Takes Suo Motu Notice of Allahabad High Court Order: ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദം പരാമർശം.

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം, അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അഞ്ജലി പട്ടേല്‍ എന്നയാള്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവെച്ചതോടെ ആണ് സുപ്രീംകോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇന്ന് (ബുധനാഴ്ച) കേസ് പരിഗണിക്കും.
പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദം പരാമർശം.
പെൺകുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റിയ ശേഷം പ്രതികൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ 2021ല്‍ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കീഴ്കോടതി പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധിക്കെതിരെ അഞ്ജലി പട്ടേല്‍ എന്നയാള്‍ സ്വകാര്യ റിട്ട് സമര്‍പ്പിച്ചത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോ, സംസ്ഥാന സര്‍ക്കാരോ ആണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടതെന്നായിരുന്നു ആദ്യം സുപ്രീംകോടതി പറഞ്ഞത്. ക്രിമിനൽ കേസുകളിൽ അപ്പീൽ നൽകുമ്പോൾ പ്രത്യേകാനുമതി ഹര്‍ജിയായി വേണം സമീപിക്കാൻ എന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി നിലപാടിനെതിരെ ശക്തമായ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ്, വിഷയത്തിൽ സുപ്രീംകോടതി തന്നെ സ്വമേധയാ കേസെടുത്തത്.